എന്നെ കൊല്ലാൻ സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ അയക്കുമോ എന്ന് ഭയം -സന്ദീപ് വാര്യർ

മലപ്പുറം: സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷാണെങ്കിൽ, അതിൽ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കാമെന്നും സന്ദീപ് പ്രതികരിച്ചു.

പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ പരിപാടി എനിക്കെതിരെയും എടുക്കുന്നുണ്ടെന്നാണ് ഇന്നലത്തെ രണ്ടുകൂട്ടരുടെയും പ്രതികരണത്തിൽനിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും സന്ദീപ് പറഞ്ഞു. കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ സന്ദീപിനെ രൂക്ഷമായി വിമർശിച്ച് എം.ബി. രാജേഷും സുരേന്ദ്രനും രംഗത്തുവന്നിരുന്നു.

വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹത്തെ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നുമാണ് രാജേഷ് പ്രതികരിച്ചത്. 

‘മലപ്പുറവുമായി പൊക്കിൾകൊടി ബന്ധമാണ് തനിക്കുള്ളത്. മലപ്പുറം സഹോദര്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടാണ്. അതിനു പിന്നിൽ കൊടപ്പനക്കൽ കുടുംബത്തിന്‍റെ വലിയ പ്രയത്നമുണ്ട്. ലോകത്തിനു തന്നെ മാതൃകയായ ഈ മലപ്പുറത്തിന്‍റെ മാനവിക സൗഹാർദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങാടിപുറത്തെ തളി ക്ഷേത്രം കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ നോക്കികണ്ട ആളാണ്. ബി.ജെ.പിയുടെ ഭാഗമായി നിൽക്കുന്ന സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകളുണ്ടെങ്കിൽ, അവർക്കെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ഈ സന്ദർശനം വലിയ സഹായകരമാകുമെന്ന് വിശ്വസിക്കുന്നു’ -സന്ദീപ് പറഞ്ഞു.

കോൺഗ്രസിന്‍റെ രാഷ്ട്രീയം ഉയർത്തിപിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപിന്‍റ കടന്നുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്.

കെ.പി.സി.സി നിർദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. പാലക്കാട്ടെ കോൺഗ്രസ്, ലീഗ് നേതാക്കൾ സന്ദീപിനൊപ്പമുണ്ടായിരുന്നു. നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്.

Tags:    
News Summary - Sandeep Warrier at Panakkad; League leaders welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.