ആലപ്പുഴ: കുട്ടനാട്ടിലെ കർഷകരുടെ പേരിൽ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാമങ്കരിയിലെ കുട്ടനാട് വികസനസമിതി ഓഫിസിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീകുമാരൻനായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നൽകാൻ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പിൽപെട്ട കർഷകർ അതിെൻറ പേരിൽ കടക്കെണിയിലാവുകയും ചെയ്തെന്ന പരാതിയിലാണ് പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ സ്റ്റേഷനിലായി 12 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.
നിലവിൽ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിൽ രണ്ട് കേസിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ നാല് കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പീലിയാനിക്കലിനെ വൈദ്യപരിശോധന പൂർത്തിയാക്കി ബുധനാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കും.
കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികൾ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
വികസന സമിതി ഓഫിസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാ ദിവസവും ഓഫിസിലെത്തി മടങ്ങിപ്പോവുകയാണ്. വായ്പക്ക് ശിപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുെണ്ടന്നും പരാതിയുണ്ട്.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തത് മുതല്‍ ഒളിവിലായ റോജോ ജോസഫിനെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പി.ജെ. മേജോ ആണ് കൈനടി പൊലീസില്‍ പരാതി നല്‍കിയത്.
വ്യാജരേഖ ചമച്ച് തന്റെ പേരില്‍ വായ്പ എടുത്തെന്നാണ് പരാതി. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോ തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.