കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കുറ്റ്യാടി സീറ്റിലുണ്ടായ തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയെ സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിെൻറ നടപടിക്ക് സംസ്ഥാന കമ്മിറ്റി അതിവേഗം അംഗീകാരം നൽകിയതോടെയാണിത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും മുതിർന്ന നേതാവുമായ കുഞ്ഞമ്മദ് കുട്ടിയെ തരം താഴ്ത്തിയ കാര്യം അറിയിച്ചത്.
ഇതേ വിഷയത്തിൽ ജില്ല കമ്മിറ്റി അംഗവും മുൻ കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായ കെ. കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗവും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ടി.കെ. മോഹൻദാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ കുന്നുമ്മൽ കണാരൻ, കെ.വി. ഷാജി, കെ.കെ. ഗിരീഷ് എന്നിവരിൽനിന്ന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് ഇവർക്കെതിരെയും നടപടി കൈക്കൊള്ളാനാണ് തീരുമാനം.
കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥിത്വമോഹമാണ് കുറ്റ്യാടി പ്രശ്നങ്ങൾക്ക് കാരണമെന്ന് പാർട്ടി വിലയിരുത്തി. കേരള കോൺഗ്രസ്-എമ്മിന് നൽകിയ സീറ്റിൽ കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാൻ പിന്തുണ നൽകിയതുവഴി കൃഷ്ണനും പ്രവർത്തകരെ തെരുവിലിറക്കാൻ ഒത്താശ ചെയ്തതിനാൽ മോഹൻദാസിനും തെറ്റുപറ്റി. പാർട്ടി സമ്മേളനങ്ങൾ നടക്കാനിരിക്കെ താഴെതട്ട് മുതൽ തലമുതിർന്ന നേതാക്കൾക്കെതിരെ വരെ നടപടി സ്വീകരിച്ചത് വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴി വെക്കുമെന്നാണ് സൂചന. മറ്റിടങ്ങളിലെപ്പോലെ കുറ്റ്യാടി വിഷയത്തിലും കമീഷനെ നിയോഗിക്കുന്നതടക്കം പരിഗണിക്കണെമന്ന് ജില്ലയിലെ സംസ്ഥാന സമിതി അംഗവും കുഞ്ഞമ്മദ് കുട്ടിയും ആവശ്യപ്പെട്ടത് തള്ളിയാണ് നടപടിക്ക് പാർട്ടി പച്ചക്കൊടി കാട്ടിയത്.
മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സി.പി.എം കേരള കോൺഗ്രസ് -എമ്മിന് വിട്ടു നൽകുകയായിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലരും അംഗങ്ങളും നൂറുകണക്കിന് പ്രവർത്തകരും കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ. ലതികക്കുമെതിരെ പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതും അച്ചടക്ക ലംഘനത്തിൽ മുഖം നോക്കാതെയുള്ള നടപടിക്ക് കളമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.