കോഴിക്കോട്: കുറ്റ്യാടി സീറ്റ് തർക്കവും പരസ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എക്കെതിരായ നടപടിക്ക് അംഗീകാരം കാക്കുന്നതിന് പിന്നാലെ പ്രാദേശിക നേതാക്കൾക്കെതിരെയും നടപടിയുമായി സി.പി.എം. ജില്ല കമ്മിറ്റി അംഗവും മുൻ കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായ കെ. കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗവും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ടി.കെ. മോഹൻദാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, മുൻ ലോക്കൽ സെക്രട്ടറി കുന്നമ്മൽ കണാരൻ, കെ.വി. ഷാജി, കെ.കെ. ഗിരീഷ് എന്നിവരിൽനിന്ന് പാർട്ടി വിശദീകരണം തേടിയെന്നാണ് വിവരം.
ജില്ല സെക്രട്ടേറിയറ്റ് അംഗമായ കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥിത്വമോഹമാണ് കുറ്റ്യാടി പ്രശ്നങ്ങളുടെ മൂലകാരണമെന്ന് വിലയിരുത്തിയ ജില്ല കമ്മിറ്റി യോഗത്തിൽ കെ. കൃഷ്ണനും ടി.കെ. മോഹൻദാസിനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. തുടർന്നാണ് ഇവരുൾപ്പെടെ ആറുപേരോട് വിശദീകരണമാവശ്യപ്പെട്ടത്. കേരള കോൺഗ്രസ് -എം, എൽ.ഡി.എഫിലെത്തിയതോടെ മാറിയ രാഷ്ട്രീയ സാഹചര്യം ബോധ്യമുണ്ടായിട്ടും കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാൻ ശക്തമായ പിന്തുണ നൽകിയത് കൃഷ്ണനും പാർട്ടിയെ വെല്ലുവിളിച്ച് ചിലർ തെരുവിലിറങ്ങുമെന്നത് മുൻകൂട്ടി അറിയിക്കാതെ സംഘടിത പ്രകടനത്തിന് അണിയറയിൽ ഒത്താശ ചെയ്തത് മോഹൻദാസിനും പറ്റിയ തെറ്റാണെന്നാണ് പാർട്ടി വിലയിരുത്തൽ. എം.എൽ.എക്കെതിരായ നടപടിക്ക് അനുമതി ലഭിച്ചാലുടൻ കീഴ്ഘടകങ്ങളിലുള്ളവർക്കെതിരെയും നടപടി വരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന കുന്നുമ്മൽ, വടകര ഏരിയ കമ്മിറ്റി യോഗങ്ങളിലും അച്ചടക്ക ലംഘകർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു.
അതിനിടെ, മുതിർന്ന നേതാവിനെതിരായ നടപടി കൂടുതൽ പ്രതിഷേധം ഉയർത്തിയേക്കുമെന്നതിനാൽ ജില്ല കമ്മിറ്റി തീരുമാനം സംസ്ഥാന നേതൃത്വം മരവിപ്പിക്കാനോ, വിഷയത്തിൽ കമീഷനെ വെക്കാനോ ഇടയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സമാന വിഷയത്തിൽ കമീഷനെ നിയോഗിക്കുകയാണ് ചെയ്തതെന്ന് ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവ് നേതൃത്വത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. ഒമ്പത്, പത്ത് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി പാർട്ടി സമ്മേളന ഷെഡ്യൂൾ തയാറാക്കിയാൽ സംഘടനാ നടപടി താൽക്കാലികമായി ഒഴിവാകും. സമ്മേളനങ്ങൾ തീരുമാനിച്ചാൽ ഗുരുതര സംഭവത്തിലല്ലാതെ പാർട്ടി പെട്ടെന്ന് നടപടിയെടുക്കാറില്ല.
കോഴിക്കോട്: സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുനൽകുന്നതിനെതിരെ പ്രാദേശിക നേതാക്കളും പാർട്ടി അംഗങ്ങളും പ്രവർത്തകരുമടക്കം അണിനിരന്ന് കുറ്റ്യാടിയിൽ നടന്നത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ച പ്രകടനം. മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകടനത്തിൽ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. നേതാക്കളെ പാർട്ടിയും പാർട്ടിയെ ജനവും തിരുത്തുമെന്നും ചെങ്കൊടിയുടെ മാനം കാക്കാനെന്നും എഴുതിയ ബാനറുകളും പ്രദേശവാസി കൂടിയായ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ചിത്രമുള്ള പ്ലക്കാർഡുകളും ചെങ്കൊടികളുമേന്തിയായിരുന്നു പ്രകടനം. പലയിടത്തും പോസ്റ്റർ പ്രചാരണവും നടന്നു.
മാത്രമല്ല ജില്ല സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ. ലതികക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. സംഭവം സംസ്ഥാനതലത്തിൽതന്നെ ചർച്ചയായതോടെ ഒഞ്ചിയം, ഏറാമല മേഖലയിൽ ആർ.എം.പി.ഐ രൂപവത്കരണകാലത്തെ സമാന സാഹചര്യമാണ് കുറ്റ്യാടിയിലുള്ളതെന്ന അനുമാനവുമുയർന്നു. എന്നാൽ, ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി തന്ത്രപരമായാണ് വിഷയത്തിൽ ഇടപെട്ടത്. വ്യക്തിപരമായ അധിക്ഷേപമുയർന്നിട്ടും ജില്ലാ സെക്രട്ടറി പ്രതിഷേധക്കാരെ തള്ളുകയും ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.