മലപ്പുറം: കോണി ചിഹ്നവുമായി താനൂരിൽനിന്നെത്തി തിരൂരങ്ങാടി മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് അനന്തപുരിയിലേക്ക് വണ്ടികയറിയ നേതാവാണ് കുട്ടി അഹമ്മദ് കുട്ടി. തിരൂരങ്ങാടിയിൽ 1995ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്റണി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതിനുശേഷമാണ് 1996ൽ ഇദ്ദേഹം ആ മണ്ഡലത്തിൽ അംഗത്തിനിറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ 49,629 വോട്ടായിരുന്നു എ.കെ. ആന്റണി നേടിയിരുന്നത്. 22,276 ആയിരുന്നു ആന്റണിയുടെ ഭൂരിപക്ഷം.
ആന്റണിക്കെതിരെ മത്സരിച്ച എൽ.ഡി.എഫ്, പി.ഡി.പി, ഐ.എൻ.എൽ സ്ഥാനാർഥികളെല്ലാംകൂടി 52,064 വോട്ട് അധികം പിടിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മുന്നണിക്ക് കരുത്തുള്ള മണ്ഡലത്തിൽ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെയാണ് തുടർന്ന് താനൂരിൽനിന്ന് കുട്ടി അഹമ്മദ് കുട്ടി തിരൂരങ്ങാടിയിലെത്തിയത്. 1996ൽ കനത്ത മത്സരത്തിലൂടെയാണ് കുട്ടി അഹമ്മദ് കുട്ടി മണ്ഡലം പിടിച്ചത്- 8032 വോട്ടിന്റെ ഭൂരിപക്ഷം. 48,953 വോട്ടാണ് നേടിയത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എ.സി. അബ്ദുഹാജി 40,921 വോട്ട് പിടിച്ചു.
2001ലും 2006ലും മണ്ഡലം കുട്ടി അഹമ്മദ് കുട്ടിയുടെ കൈയിൽ ഭദ്രമായിരുന്നു. 2001ൽ 19,173 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 57,027 വോട്ട് നേടി. രണ്ടാം തവണയും അങ്കത്തിനിറങ്ങിയ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എ.സി. അബ്ദു ഹാജിക്ക് 37,854 വോട്ടാണ് ലഭിച്ചത്. 2006ൽ 16,123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുട്ടി അഹമ്മദ് കുട്ടി മണ്ഡലം പിടിച്ചത്. അവുക്കാദർക്കുട്ടി നഹയെ എട്ടു തവണ നിയമസഭയിലെത്തിച്ച് റെക്കോഡിൽ ഇടംപിടിച്ച മണ്ഡലമാണ് തിരൂരങ്ങാടി. നഹ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചതോടെ 1987ൽ സി.പി. കുഞ്ഞാലിക്കുട്ടിക്കേയി വന്നു. 25,848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടിക്കേയി 45,586 വോട്ടും സി.പി.ഐയുടെ സ്ഥാനാർഥി ഇ.പി. മുഹമ്മദലി 19,738 വോട്ടും നേടി. 1991ലെ തെരഞ്ഞെടുപ്പിൽ ലീഗിലെതന്നെ യു.എ. ബീരാനായിരുന്നു മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയത്. 19,202 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. യു.എ. ബീരാൻ 47,223 വോട്ടും സി.പി.ഐയുടെ എം. റഹ്മത്തുല്ല 28,021 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.