നെടുമങ്ങാട്: കുവൈത്ത് ലേബർ ക്യാമ്പ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വിറങ്ങലിച്ച് ഉഴമലക്കൽ ഗ്രാമവും. സംഭവത്തിൽ ഉഴമലക്കൽ കുര്യാത്തി ലക്ഷംവീട് കോളനിയിൽ അരുൺ ബാബുവും ഉൾപ്പെട്ടു എന്നറിഞ്ഞതോടെ നാടാകെ ദുഃഖത്തിലായി. അരുൺബാബുവിന്റെ താമസസ്ഥലത്ത് അപകടം നടന്ന വിവരം അറിഞ്ഞ സമയംമുതൽ വീട്ടുകാരും നാട്ടുകാരും അരുണിന്റെ വിവരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
ദുഃഖവാർത്തയാകരുതേ എന്ന ഏവരുടെയും പ്രാർത്ഥനകൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതീക്ഷകൾക്ക് വിരാമമിട്ട് അരുണിന്റെ മരണവാർത്ത ബന്ധുക്കളെ തേടിയെത്തിയത്. അഞ്ചുവര്‍ഷം കുവൈത്തില്‍ ഇതേ കമ്പനിയിലായിരുന്നു അരുൺ ജോലി ചെയ്തിരുന്നത്. രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ വന്നു. അതിനുശേഷം മടങ്ങിയിട്ട് ഏഴ് മാസമേയാകുന്നുള്ളൂ. നാട്ടിൽ ഡ്രൈവറായി ജോലിനോക്കിയിരുന്ന അരുണിന് കടുത്ത സാമ്പത്തികബാധ്യതയുണ്ടായതോടെയാണ് പഴയ ജോലിസ്ഥലത്തേക്ക് വീണ്ടും മടങ്ങിയത്.
പിതാവ് ബാബു 10 വര്‍ഷം മുമ്പ് മരിച്ചു. മാതാവ് അജിതകുമാരി തയ്യല്തൊഴിലാളിയാണ്. ഭാര്യ വിനിത വീട്ടമ്മയാണ്. മകൾ അഷ്ടമി ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്. അമേയ ഇളയകുട്ടിയാണ്. അരുൺബാബുവിന്റെ ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത് പൂവത്തൂർ ചിറക്കാണി നിലമേൽനട വീട്ടിലാണ്. അനുജന് അമല്‍ബാബു കഴക്കൂട്ടത്തെ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കുന്നു. അനുജത്തി അര്‍ച്ചന ഒമ്പതുവര്‍ഷംമുമ്പ് ബംഗളൂരുവില്‍ െവച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.