തൃശൂർ: മാധ്യമപ്രവർത്തനം രാഷ്ട്രീയം എന്താണെന്ന് ധാരണയില്ലാത്ത നിലയിലെത്തിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് വാർത്ത കണ്ടെത്തുന്നതിന് പകരം സൃഷ്ടിക്കുന്നതിലേക്ക് എത്തിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഗമത്തിൽ രാഷ്ട്രീയ ജീവിതത്തിൽ മാധ്യമപ്രവർത്തകരിൽനിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
എറണാകുളത്തെ സി.പി.ഐ-പൊലീസ് പ്രശ്നത്തിൽ തെൻറ നിലപാടുകളിൽ അപ്പുറത്തെയും ഇപ്പുറത്തെയും വാക്കുകൾ അടർത്തിയെടുത്ത് വാർത്ത കൊടുത്ത് വിവാദമാക്കിയതാണ് കാനം അനുസ്മരിച്ചത്. സൗഹൃദങ്ങൾക്ക് രാഷ്ട്രീയം തടസ്സമല്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ ധാരണാ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ ഉയർന്നിരുന്നെങ്കിൽ പല പ്രശ്നങ്ങളും ഇന്ന് കാണുന്നതുപോലെ സങ്കീർണമാവില്ല- കാനം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സി.സി ടി.വി കാമറയുടെ സാന്നിധ്യത്തിൽ സംസാരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെൻറ വാക്ക്-നാക്ക് പിഴകളെ മാധ്യമങ്ങൾ വല്ലാതെ ട്രോളാറുണ്ടെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ സംസാരിക്കുേമ്പാൾ രക്തസമ്മർദം കൂടി വാക്ക് കിട്ടാതെ വന്നത് ദൃശ്യമാധ്യമങ്ങൾ ആഘോഷിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഓർത്തെടുത്തപ്പോൾ സദസ്സിന് ചിരി. ‘കിടമത്സരത്തിെൻറ കാലത്ത് ദൃശ്യമാധ്യമങ്ങളിൽ തെറ്റായ വാർത്ത വന്നാൽ പിന്നെ തിരുത്തുന്ന പ്രശ്നമില്ല. 24 മണിക്കൂർ ലഭിക്കുന്നതിനാൽ പത്രങ്ങൾക്ക് തെറ്റുകൾ ഒഴിവാക്കാൻ കഴിയാറുണ്ട്’- അദ്ദേഹം പറഞ്ഞു.
ചാനൽ ചർച്ചകളിൽ ‘വാടാ... പോടാ..’ തെറിവിളിയാണ് നടക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ പറഞ്ഞു. അതിനാൽ ചർച്ചകൾക്ക് പോകാറിെല്ലന്ന് അദ്ദേഹം പറഞ്ഞു. ‘ഒരിക്കൽ ഒരു ചാനലിൽനിന്ന് ചർച്ചക്ക് വിളിച്ചു. കൂടെ പങ്കെടുത്തത് അബ്ദുന്നാസിർ മഅ്ദനിയായിരുന്നു.രണ്ടുപേരും തീവ്ര നിലപാട് സ്വീകരിക്കുമെന്ന് കരുതിയ ചാനൽ അവതാരകെൻറ ചോദ്യത്തിന് ഇരുവരും മിതനിലപാട് സ്വീകരിച്ചതോടെ പരിപാടി നന്നായില്ലെന്നായി അവതാരകൻ’- അദ്ദേഹം അനുസ്മരിച്ചു. ജവഹര്‍ ബാലഭവന് ഹാളില്‍ നടന്ന പരിപാടിയിൽ പി.എ. കുര്യാക്കോസ് മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.