പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് ബോധപൂർവം ബൈക്കിൽ ഇടിച്ച് വീഴ്ത്തി യാത്രക്കാരായ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റപത്രം. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തു. ഇപ്പോള്‍ സസ്പന്‍ഷനിൽ കഴിയുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
ദേശീയ പാതയില്‍ കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ 2022 ഫെബ്രുവരി ഏഴിനാണ് മത്സരയോട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പകയോടെയുള്ള പെരുമാറ്റം രണ്ടു യുവാക്കളുടെ ജീവനെടുത്തത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഔസേപ്പിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാൽ, തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഇതോടെ ഐപിസി 304 വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു. ദൃക്സാക്ഷികൾ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചേർത്തത്.
പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിക്ക് സർവിസ് നടത്തിയ ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻകുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഒരുകാറിന്‍റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ ബസിന്റെ പങ്ക് വ്യക്തമായത്.
യുവാക്കൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ മനഃപൂര്‍വം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഇടതുവശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു.
ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. 'ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മനഃപൂര്‍വം ലോറിയോട് ചേര്‍ത്ത് ബസ് അടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്. യാത്രക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്നും സാക്ഷി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.