കൊച്ചി: മാസപ്പടി കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ ഹരജി സമാന വിഷയത്തിൽ പരിഗണനയിലുള്ള ഹരജിക്കൊപ്പം പരിഗണിക്കാൻ ഹൈകോടതി മാറ്റി. ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ നൽകിയ റിവിഷൻ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു മാറ്റിയത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ഹരജിയിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവരും എതിർകക്ഷികളാണ്. രണ്ട് ഹരജികളും ജൂൺ 18ന് വീണ്ടും പരിഗണിക്കും.
സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് പരിശോധിക്കുന്നതിന് മുമ്പേ കേസിന്റെ മർമത്തിലേക്ക് വിജിലൻസ് കോടതി കടന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കോടതി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാമെന്നും ഹരജിക്കാരൻ വ്യക്തമാക്കി. ഹരജിയിൽ സർക്കാറിനെയടക്കം കക്ഷി ചേർത്തിട്ടില്ലെന്നും വിജിലൻസ് കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ച് പരാമർശമില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചു. ഇത്തരത്തിലൊരു ഹരജി നൽകുന്നത് ശരിയായ രീതിയല്ലെന്നും ഇതിന് പിന്നിലെ താൽപര്യം വ്യക്തമാണെന്നും ഡി.ജി.പി വ്യക്തമാക്കി.
കേസിൽ മറ്റ് ചിലരും ഉൾപ്പെട്ടിട്ടുണ്ടല്ലോയെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. തുടർന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമാന ആവശ്യമുന്നയിച്ച് മുമ്പ് നൽകിയ ഹരജിക്കൊപ്പം ഇതും പരിഗണിക്കാൻ കോടതിയെ മാറ്റിയത്. ഹരജി പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരണപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോകാൻ വീട്ടുകാർ സന്നദ്ധരായില്ലെങ്കിലും പുനഃപരിശോധന ഹരജിയായതിനാൽ കോടതി അമിക്കസ് ക്യൂറിയെ വെച്ച് നടപടി തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.