തിരുവനന്തപുരം: താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ആവർത്തിച്ച് കെ.വി തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ താൻ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് പ്രസംഗത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറിൽ താൻ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.
സെമിനാറിന് യെച്ചൂരിയാണ് ക്ഷണിച്ചത്. ഇതിനെക്കുറിച്ച് താരീഖ് അൻവർ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ, പിന്നീട് തന്നെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. അത് അംഗീകരിക്കാനാവില്ല. ഹൈക്കമാൻഡ് തന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.വി. തോമസ് പറഞ്ഞു.
ദേശീയതലത്തിൽ ബി.ജെ.പിയിതര പാർട്ടികളുമായി കോൺഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാർട്ടി കോൺഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസുകാരനൊന്നുമല്ല ഞാൻ. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു -കെ.വി. തോമസ് പറഞ്ഞു.
അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചർച്ച ചെയ്യും. എ.ഐ.സി.സി അംഗമായതിനാൽ കെ.വി. തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. അദ്ദേഹത്തിനെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന നിലപാടും കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.