സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കമാൻഡിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യമടക്കം പരിഗണിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ കെ.വി തോമസ്, ശശി തരൂർ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ, സി.പി.എം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാരകരൻ അറിയിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡന്റിന്റെ വിലക്ക് നിലനിൽക്കെ തന്നെ ഇരു നേതാക്കളും കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടുകയായിരുന്നു. ശശി തരൂർ നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാനായിരുന്നു സോണിയ നൽകിയ നിർദേശം.
ശേഷമാണ് അനുമതി തേടി കെ.വി തോമസും കത്ത് നൽകിയിരിക്കുന്നത്. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടും കാര്യങ്ങൾ വിശദമായി സംസാരിച്ചിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു.
അതേസമയം, കെ.വി തോമസും ശശി തരൂരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. വിലക്ക് നിലനിൽക്കെ സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നത് അച്ചടക്കലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.