സി.പി.എം സെമിനാറിൽ പ​ങ്കെടുക്കുമെന്ന് പ്രഫ. കെ.വി. തോമസ്

കൊച്ചി: കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പ​ങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. മുമ്പ് ചെന്നെെയിൽ നടന്ന പാർട്ടി കോൺഗ്രസിൽ രാഹുൽ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ ഇത്തരം സെമിനാറിൽ സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാർ ദേശീയ പ്രാധാന്യമുള്ള വിഷയമാണ് -കെ.വി. തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

താൻ കോൺഗ്രസുകാരൻ തന്നെയാണ്. പാർട്ടിയിൽ നിന്ന് പുറത്തുപോകില്ല. തന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാർട്ടിയിലേക്കല്ല, സെമിനാറിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ തീരുമാനം ആണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് പ്രഫ. കെ.വി തോമസ് വാർത്താ സമ്മേളനം തുടങ്ങിയത്.

'ഈ പാർട്ടിയിൽ നൂലിൽകെട്ടി വന്നയാളല്ല ഞാൻ. വാർഡ് പ്രസിഡന്റായി, ഡി.സി.സി ഭാരവാഹിയായി വളർന്നയാളാണ്. പാർട്ടിക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഞാൻ ഏഴുപ്രാവശ്യം ജയിച്ചത് ജനങ്ങൾ തന്ന അംഗീകാരമല്ലേ? തോൽക്കുന്നതാണോ അംഗീകാരം? 2019ൽ എനിക്ക് സീറ്റ് നിഷേധിച്ചതാണ് ഇതിനുമുമ്പ് പാർട്ടിയിൽ നിന്ന് നേരിട്ട അവഗണന. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്.

'കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ പോയപ്പോൾ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിനെ കുറിച്ച് ആദ്യം അറിയിച്ചത്. എന്നെയും ശശി തരൂരിനെയും സ്റ്റാലിനെയും ക്ഷണിക്കുന്നുവെന്നാണ് യെച്ചൂരി പറഞ്ഞത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരസ്പര ബന്ധം, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിലാണ് സെമിനാർ തീരുമാനിച്ചിരുന്നത്. ഈ രണ്ട് വിഷയവും ഏറെ ദേശീയ പ്രാധാന്യമുള്ളതാണ്. സെമിനാറിന് ക്ഷണിച്ച കാര്യം പാർട്ടി പ്രസിഡന്റിനെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവിനെയും അറിയിച്ചിരുന്നു. പിന്നീട് തരൂർ പിൻമാറിയതായി അറിഞ്ഞു. ദേശീയ തലത്തിൽ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം വലിയ പ്രശ്നങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം സുപ്രധാന ആവശ്യമാണ്.' കെ.വി. തോമസ് പറഞ്ഞു.


സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് ​നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺ​ഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പ​ങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പ​ങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കാത്തത് നിരവധി ഊഹാപോഹങ്ങൾക്ക് വഴി​യൊരുക്കിയിരുന്നു. പ​ങ്കെടുത്താൽ കോൺഗ്രസിൽനിന്ന് പുറത്താക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സെമിനാറിൽ കെ.വി.തോമസ് പ​ങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനൊപ്പം തോമസിനും ക്ഷണം അയച്ചുകൊടുത്തു. കെ.വി.തോമസ് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

കെ.വി.തോമസിനെ വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നടപടി തിരുമണ്ടൻ തീരുമാനമാണെന്നാണ് ജയരാജൻ വിശേഷിപ്പിച്ചത്. ആർ.എസ്.എസിന്റെ എ ടീമായി പ്രവർത്തിക്കുന്നവരാണ് തോമസിനെ വിലക്കുന്നത്. പാർട്ടി സെമിനാർ വിജയിപ്പിച്ചതിൽ സുധാകരനോട് നന്ദിയുണ്ട്. സെമിനാറിൽ പ​ങ്കെടുത്തത് കൊണ്ട് കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - KV Thomas will participate in CPM party congress 2022 seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.