തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പിന്മാറി. വ്യാപാരികളുടെ ആവശ്യങ്ങളോട് അനുഭാവപൂർവം നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് നൽകിയ ഉറപ്പ് പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ വ്യാഴാഴ്ച മുതൽ സ്വന്തം നിലക്ക് കടകൾ പൂർണമായും തുറക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്തമല്ലെന്നും ടി. നസറുദ്ദീൻ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, വ്യാപാരികളുടെ ഈ നിലപാടിനെതിരെ ഇന്നെല മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും മറ്റൊരു രീതിയില്‍ തുടങ്ങിയാൽ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മനസ്സിലാക്കി കളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അയഞ്ഞത്. വ്യാപാരികളുമായി ചർച്ച നടത്താമെന്നും ആവശ്യമായ ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി നസറുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.