സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ വ്യാപക പരിശോധനയുമായി തൊഴിൽ വകുപ്പ്

തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമാണ സ്ഥലങ്ങളിലും സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.

കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് നിയമം എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. ഈ 142 ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികൾ ജോലി ചെയ്യുന്നതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും പരിശോധനയുടെ ഭാഗമായി നടത്തിവരികയാണ്.

അതിഥിതൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനൽ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകർച്ചവ്യാധി സാധ്യതകൾ വിലയിരുത്തുക, അതിഥി പോർട്ടൽ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിർമ്മാണ സ്ഥലങ്ങളിൽ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ ,ലൈസൻസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.

ലഹരി ഉപഭോഗം, ക്രിമിനൽ പശ്ചാത്തലം എന്നിവ ശ്രദ്ധയിൽ പെട്ടാൽ പൊലീസ് എക്‌സൈസ് വകുപ്പുകളുമായി ചേർന്ന് കർശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് എക്‌സൈസ്് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് വരും ദിവസങ്ങളിലും തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ തുടരുമെന്ന് അറിയിച്ചു. 

Tags:    
News Summary - Labor Department conducts comprehensive inspection of guest labor camps in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.