കോട്ടയം: ചെയ്ത ജോലിക്കുള്ള പണം നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കുന്നു. പണം നൽകാത്തതിനാൽ മാർച്ച് ഒന്നുമുതൽ സേവനം ലഭ്യമാക്കില്ലെന്ന് രേഖാമൂലം സി-ഡിറ്റ് അറിയിച്ചിട്ടുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ഈ മാസം 20നാണ് കത്ത് നൽകിയത്. വകുപ്പിൽ കാതലായ മാറ്റങ്ങൾക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ നീക്കം നടത്തുന്നതിനിടെയാണിത്. ലൈസൻസ് പരിഷ്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെ സി-ഡിറ്റിന്റെ നീക്കം ബാധിക്കും.
മോട്ടോർ വാഹന വകുപ്പിന് സ്റ്റേഷനറി, സിസ്റ്റങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും നൽകിവരുന്നത് സി-ഡിറ്റാണ്. 2021 ജനുവരി 31ന് ഇരു കൂട്ടരും തമ്മിലുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവിസ് കരാർ അവസാനിച്ചിരുന്നെങ്കിലും 2021 ഫെബ്രുവരി എട്ടിലെ സർക്കാർ ഉത്തരവ് പ്രകാരം നാളിതുവരെ സേവനം ലഭ്യമാക്കി വരുകയായിരുന്നു. എന്നാൽ, ഒരുവർഷമായി സി-ഡിറ്റ് നൽകുന്ന സേവനങ്ങൾക്ക് ഒരുരൂപ പോലും നൽകിയിട്ടില്ല. അതിനാൽ ലക്ഷങ്ങൾ കിട്ടിയില്ലെങ്കിൽ 2023 നവംബർ മുതൽ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആ നോട്ടീസും കണ്ടില്ലെന്ന് നടിക്കുകയാണ് വകുപ്പ്.
2023 ഫെബ്രുവരി മുതലുള്ള ഇൻവോയ്സ് കുടിശ്ശിക ഈ മാസം അവസാനമെങ്കിലും ലഭിക്കാത്തപക്ഷം ജീവനക്കാരുടെ സേവനം ഉൾപ്പെടെ എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ കുടിശ്ശിക ലഭിക്കുന്നതുവരെ താൽക്കാലികമായി നിർത്തുമെന്നാണ് സി-ഡിറ്റ് അവസാന സർക്കുലറിൽ വ്യക്തമാക്കുന്നത്.
സി-ഡിറ്റിൽനിന്നുള്ള നിർദേശം ലഭിച്ചശേഷം മാത്രം മോട്ടോർ വാഹന വകുപ്പിനുവേണ്ടി ജോലി ചെയ്യുന്ന ജീവനക്കാർ ഈ മാസം 29നുശേഷം സേവനം തുടർന്നാൽ മതിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.