ന്യൂഡൽഹി: ലക്ഷദ്വീപ് വിഷയം എം.പിമാർ വഴി രാഷ്ട്ര നേതാക്കൾക്ക് മുന്നിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും അവിടെ നടക്കുന്ന ജനവിരുദ്ധ നീക്കങ്ങൾ നേരിട്ടറിയാൻ കേരളത്തിലെ പാർലമെൻറ് അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയെ അയക്കണമെന്നും എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എന്നിവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ദ്വീപുവാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ദ്വീപിൽനിന്ന് തിരിച്ചു വിളിക്കണമെന്ന് സി.പി.ഐ പാർലമെൻററി പാർട്ടി നേതാവും പാർട്ടി ദേശീയ കൗൺസിൽ സെക്രട്ടറിയുമായ ബിനോയ് വിശ്വം എം.പി രാഷ്ട്രപതിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സ്വേച്ഛാപരമായ നിരവധി തീരുമാനങ്ങൾ വഴി ദ്വീപുവാസികളുടെ സമാധാന ജീവിതം തകർക്കുകയാണ് അഡ്മിനിസ്ട്രേറ്ററെന്ന് ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് കത്ത് നൽകി.
തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിൻമേലുള്ള നിയന്ത്രണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തുവെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ദ്വീപ് നിവാസികളുടെ താൽപര്യങ്ങൾക്കും സംസ്കാരത്തിനും എതിരായ നടപടികളാണ് അവിടെ നടപ്പാക്കുന്നതെന്ന് കത്തിൽ പറയുന്നു.
ഭരണഘടന വിരുദ്ധവും ജനതാൽപര്യത്തിന് എതിരുമായ നിയമങ്ങൾ സൃഷ്ടിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള നിയമനടപടികളിൽ ഭരണഘടന തത്ത്വങ്ങൾ ലംഘിച്ചു. പഞ്ചായത്ത് നിയമഭേദഗതിയിൽ രണ്ടു കുട്ടികൾക്കു മേലെയുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ലെന്ന് നിഷ്കർഷിച്ചു. മൃഗസംരക്ഷണ നിയമത്തിെൻറ പേരിൽ ബീഫ് നിരോധനം അടിച്ചേൽപിക്കുന്നു. ഫലത്തിൽ തെൻറ സൈദ്ധാന്തിക ഇഷ്ടങ്ങൾ നടപ്പാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗിക്കുകയാണ്.
ഇതിനൊക്കെ പുറമെ, ഗുണ്ട ആക്ട് നടപ്പിൽവരുത്തി. കോവിഡ് തീരെ ബാധിക്കാതിരുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും വ്യവസ്ഥകളും നിസ്സാരവത്കരിച്ചതോടെ കോവിഡ് വ്യാപനത്തിന് വഴിയൊരുക്കി. ഇന്ന് ദ്വീപസമൂഹത്തിലെ ഏഴു ശതമാനം പേർ കോവിഡ് ബാധിതരായി. 24 പേർ മരിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ലക്ഷദ്വീപിനെ രോഗാതുരമാക്കുകയാണ്.
ലക്ഷദ്വീപുകാരുടെ ബന്ധുക്കൾ കൂടുതലും കേരളത്തിലാണ്. അവർക്ക് ഏറ്റവും സൗകര്യമുള്ള തുറമുഖം ബേപ്പൂരാണ്. അത് രാഷ്ട്രീയ താൽപര്യം കണക്കിലെടുത്ത് കർണാടകയിലെ മംഗളൂരുവിലേക്ക് മാറ്റുന്ന പ്രവർത്തനത്തിലാണ്. അമുൽ കമ്പനിയുടെ ഉൽപന്നങ്ങൾ ഗുജറാത്തിൽനിന്ന് ഇറക്കുമതി ചെയ്യാൻ ശ്രമം തുടങ്ങി.
ലക്ഷദ്വീപിലെ ജനസംഖ്യാനുപാതം തകർക്കുക, അവിടത്തെ ആദിവാസി സംവരണം ഇല്ലാതാക്കുക എന്നിങ്ങനെ പല അജണ്ടയും നടത്തിയെടുക്കാനാണ് ശ്രമം. ഈ വസ്തുത കണക്കിലെടുത്തും ജനങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളും അമ്പരപ്പും പരിഗണിച്ചും അതിന് കാരണക്കാരനായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കേണ്ടത് രാജ്യതാൽപര്യത്തിന് അനിവാര്യമാണെന്ന് എം.പിമാർ രാഷ്ട്രപതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.