തിരുവനന്തപുരം: വിദേശകമ്പനികളും അവരിൽനിന്ന് വാങ്ങിയവരും അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമം നിർമിക്കാൻ നിയമവകുപ്പിന് മുന്നിലെത്തിയത് രണ്ട് കരടുകൾ. റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഒാഫിസുമാണ് കരടുകൾ തയാറാക്കിയത്.
ഭൂസംരക്ഷണനിയമത്തിലും ഭൂപരിഷ്കരണ നിയമത്തിലും ഭേദഗതി വരുത്തി വിദേശകമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതും അവരിൽനിന്ന് വാങ്ങിയവരുടെ പക്കലുള്ളതുമായ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് റവന്യൂ വകുപ്പ് തയാറാക്കിയ കരട് നിയമഭേദഗതിയുടെ കാതൽ. വിദേശ കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചെടുക്കുന്നതിന് സമഗ്ര നിയമനിർമാണം നടത്തുകയാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാൽ, ഇൗ ലക്ഷ്യം അട്ടിമറിക്കുന്നതരത്തിലുള്ള കരടാണ് മുഖ്യമന്ത്രിയുടെ ഓഫിസ്, റവന്യൂ വകുപ്പ് അറിയാതെ നിയമോപദേശത്തിനായി നിയമസെക്രട്ടറിക്ക് കൈമാറിയത്.
വിദേശത്തെയും സ്വദേശത്തെയും ഉടമകൾ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി ‘തർക്കഭൂമി’ എന്ന നിലയിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കലാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് മുൻകൈയെടുത്ത് തയാറാക്കിയ കരടിെൻറ കാതൽ.
ചെറുവള്ളി എസ്റ്റേറ്റ് അടക്കം തോട്ടങ്ങളുടെ ഉടമാവകാശം സംബന്ധിച്ച കേസ് സിവിൽ കോടതിയിലാണ് നൽകേണ്ടത്. ആറു മാസത്തിനുള്ളിൽ കോടതി ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണം. എന്നാൽ, ഹാരിസൺസിനെയും ചെറുവള്ളിയിലെ അയന ട്രസ്റ്റിനെയും സഹായിക്കുന്നതരത്തിലുള്ള നിയമനിർമാണത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കം നടത്തുന്നത്. കരട് തയാറാക്കിയതിന് പിന്നിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പ്രധാന പങ്കുവഹിച്ചെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.