മുതലമട: ചുടുകാട്ടുവാര കോളനിവാസികൾക്ക് ഭൂമി പതിച്ചു നൽകണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കം. മുതലമട ഗ്രാമപഞ്ചായത്തിൽ പോത്തമ്പാടം-മേച്ചിറ റോഡിലുള്ള ചുടുകാട്ടുവാര കോളനിയിൽ വസിക്കുന്നവർക്ക് ഭൂമിയും ഭവനവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിലധികം പഴക്കമുണ്ട്.
മുതലമട വില്ലേജിൽ ബ്ലോക്ക് 18 റീസർവേ നമ്പർ 298/6, 298/7എന്നിവയിൽപ്പെട്ട പ്രദേശത്ത് 28 കുടുംബങ്ങളാണ് വസിച്ചുവന്നത്. ഭൂമി, ഭവനം, വെള്ളം, വെളിച്ചം, റേഷൻ കാർഡ്, റോഡ് എന്നിവക്കായി 2011 നവംബറിൽ മുതലമട പഞ്ചായത്ത് ഓഫിസിനുമുന്നിൽ സമരം നടത്തിയിരുന്നു.
തുടർന്ന് വൈദ്യുതി ലഭിച്ചെങ്കിലും മറ്റുള്ളവയൊന്നും കോളനിയിൽ എത്തിനോക്കിയില്ല. സോളിഡാരിറ്റി പ്രവർത്തകർ കോളനിയിൽ പൊതുകിണർ നിർമിച്ചു നൽകിയതിലാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. ഇതിവിടെ 2021 ജൂണിൽ കോളനിവാസികൾ 15 ദിവസത്തിനകം ഒഴിഞ്ഞുപോവണം എന്ന് പഞ്ചായത്ത് അന്ത്യശാസനം നൽകിയത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
കോളനിയിൽ വസിക്കുന്നവർക്ക് വീടും സ്ഥലവും ഇല്ലാത്തതിനാലും താമസത്തിന് വേറെ വഴി ഇല്ലാത്തതിനാലും ഇവിടെ താമസിക്കുന്നതിന് അനുവാദം നൽകണമെന്ന് അഭ്യർഥന കത്ത് നൽകിയാണ് ഇവർ തുടർന്ന് വസിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിയിൽ തന്നെ നാല് സെന്റ് വീതം പതിച്ചുനൽകി ഭവനം നിർമിക്കാൻ നടപടി വേണമെന്ന ആവശ്യവും നടപ്പായില്ല. റേഷൻ കാർഡ് ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
തുടരെയുള്ള നിസംഗത മൂലം ചിലർ കോളനിയിൽനിന്നും പോയി. നിലവിൽ 18 കുടുംബങ്ങളാണ് കോളനയിലുള്ളത്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി കോളനിയിൽ നടപ്പാക്കി അടിസ്ഥാന ആവശ്യങ്ങളായ റേഷൻ കാർഡ്, റോഡ്, ഭൂമി, ഭവനം എന്നിവ അനുവദിക്കണമെന്നാണ് ചുടുകാട്ടുവാര കോളനിവാസികളുടെ ആവശ്യം. എന്നാൽ കോളനിയിലെ പ്രശ്നങ്ങൾ പരിശോധിച്ച് സാധ്യമാകുന്നത് ചെയ്തുനൽകുമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് എ. കൽപ്പനാ ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.