കൊച്ചി: നെൽകർഷകർക്കായി സമാശ്വാസനിധി കൂടി ഉൾപ്പെടുത്തി 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുന്നു. ഡാറ്റാ ബാങ്കിൽ നിലമായിട്ടല്ലെങ്കിലും ബി.ടി.ആർ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ നികത്തുഭൂമികൾ നിയമവിധേയമാക്കുന്നതിെൻറ ഭാഗമായി കൊണ്ടുവരുന്ന ഭേദഗതിക്ക് വേണ്ടി നൽകിയ ശിപാർശയിലാണ് നെൽകർഷകർക്കുള്ള സമാശ്വാസനിധിയും (പാഡി കൾട്ടിവേഴ്സ് റിലീഫ് ഫണ്ട്) ഉൾപ്പെടുത്തുന്നത്. അനധികൃത നികത്തുഭൂമിയുമായി ബന്ധപ്പെട്ട നടപടികൾക്ക് കലക്ടർക്കും റവന്യൂ അധികൃതർക്കും പകരം പ്രാദേശികതല നിരീക്ഷണ സമിതികൾക്കും (എൽ.എൽ.എം.സി) പൊലീസിനും കൂടുതൽ അധികാരം കൈവരുന്നുവെന്നതാണ് നിയമഭേദഗതിയുടെ മറ്റൊരു ആകർഷണീയത.
ബി.ടി.ആർ രേഖകളിൽ നിലം എന്ന് കിടക്കുന്ന വസ്തുവിെൻറ കാര്യത്തിൽ സർക്കാർ കൊണ്ടുവന്ന സർക്കുലറുകൾ നിയമപരമായി സാധുതയില്ലെന്ന് വന്നതോടെയാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. നിയമത്തിൽ പുതിയ അധ്യായം തന്നെ കൂട്ടിച്ചേർത്താണ് രണ്ടാം വകുപ്പിൽ ആവശ്യമായ ഭേദഗതി വരുത്തുന്നത്. ബി.ടി.ആറിൽ നിലം എന്ന് രേഖപ്പെടുത്തുകയും ഡാറ്റാബാങ്കിൽ അങ്ങനെയല്ലാതെയുമുള്ള ഭൂമിയെ കൃഷിഭൂമി എന്നാകും ഭേദഗതിയിലൂടെ വിളിക്കുക. ഇങ്ങനെയുള്ള വസ്തുവിെൻറ ഉടമ ഭൂമി നികത്തിെൻറ നിയമസാധുതക്ക് പ്രാദേശികതല നിരീക്ഷണ സമിതികൾക്കാണ് അപേക്ഷ നൽകേണ്ടത്. വീട് നിർമാണത്തിനല്ലാതെ വാണിജ്യ, വ്യവസായ ആവശ്യത്തിനായി സമീപിക്കുന്നവർ ഇതിനാവശ്യമായ എല്ലാ തെളിവുകളും കൈമാറണം. അപേക്ഷയിൽ പറഞ്ഞ ആവശ്യത്തിനനുസൃതമായ ഫീസ് ചുമത്തി അനുമതി നൽകുന്നത് പ്രാദേശിക സമിതിയാണ്. സമിതിയുടെ തീരുമാനത്തിനെതിരെ സ്ഥലം ഉടമക്കോ മറ്റാർക്കെങ്കിലുമോ ഒരു മാസത്തിനകം കലക്ടർക്ക് അപ്പീൽ നൽകാം. ഫീസ് നിരക്ക് പുനർ നിർണയിക്കാനും സമിതിക്ക് അധികാരമുണ്ടാകും.
അനുവദിച്ച ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ പാടില്ല. നിയമാനുസൃതമായിട്ടല്ലാതെ പരിവർത്തനം ചെയ്ത കൃഷിഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകരുത്. നെൽവയൽ നികത്തൽ സാധൂകരിക്കുന്നതിെൻറ ഭാഗമായി ഫീസിനത്തിലും മറ്റും ലഭിക്കുന്ന തുക ഉപേയാഗിച്ചാവും നെൽകർഷക സമാശ്വാസനിധിയുണ്ടാക്കുക. പ്രാദേശികതല നിരീക്ഷണ സമിതിയാണ് ഇൗ ഫണ്ട് കൈകാര്യം ചെയ്യുക. കരട് ഭേദഗതി വിവരങ്ങൾ ഇൗ മാസം 11ന് ഹാജരാക്കാൻ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.