തൃശൂർ: വ്യവസായ -വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കാനും കൈമാറ്റം ലളിതമാക്കാനുമുള്ള പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയോഗത്തിന്റെ അംഗീകാരം. കേരള ഗവൺമെന്റ് ലാൻഡ് അലോട്ട്മെന്റ് ആൻഡ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് 2023 അംഗീകരിക്കാനും തീരുമാനിച്ചു. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യം നടപ്പാവുകയാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.ഭൂ ഉടമാവകാശം കൈമാറാനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റു സംരംഭങ്ങൾ ആരംഭിക്കാനുമുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിച്ച് നടപടികൾ ലളിതമാക്കുന്നതുമാണ് പുതിയ ചട്ടങ്ങളെന്ന് മന്ത്രി അറിയിച്ചു.
●നിലവില്‍ ഭൂമി കൈമാറാൻ ഭൂമി വാങ്ങുന്ന വ്യക്തി ഭൂവിലയുടെ വ്യത്യാസവും പ്രോസസിങ് ഫീസും അടക്കണം. പുതിയ ചട്ടപ്രകാരം ഭൂമി വിലയിലെ വ്യത്യാസം അടക്കേണ്ട.
●ഉൽപാദനം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഭൂമി കൈമാറ്റം നടത്താൻ നിലവിൽ സംരംഭകന് കഴിയുമായിരുന്നുള്ളൂ. ഇനി അലോട്ട്മെന്റ് ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കൈമാറാം.
●ഉൽപാദനം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഘടനമാറ്റം നടത്താവൂവെന്ന ചട്ടം, അലോട്ട്മെന്റ് ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ എന്ന് മാറും. ഇതോടെ, ഏതെങ്കിലും കാരണത്താല്‍ സംരംഭം തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് ഘടനമാറ്റത്തിലൂടെ പുതിയ സംരംഭം തുടങ്ങാം.
●പുതിയ ചട്ടം റവന്യൂവകുപ്പിന്റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതിനാല് കലക്ടര്‍മാര്‍ക്ക് പട്ടയ അപേക്ഷ പരിഗണിക്കാൻ തടസ്സമില്ല.
●നിലവിലെ പട്ടയത്തിന്റെ മാതൃകയില്‍ (ഫോം ഡി VII) വ്യവസായ സംരംഭത്തിന്റെ സ്വഭാവം വ്യക്തമായി പറയുന്നുണ്ട്. (ഉദാ: മത്സ്യസംസ്കരണം, തീപ്പെട്ടി നിര്‍മാണം).
പുതിയ ചട്ടപ്രകാരം പട്ടയത്തില്‍ വ്യവസായ പ്രവർത്തനമെന്ന് മാത്രമേ രേഖപ്പെടുത്തൂ. ഇതുവഴി, വ്യവസായത്തിന്റെ സ്വഭാവം മാറിയാലും അതിന്റെ മാറ്റം പട്ടയത്തില്‍ വേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.