അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം : ഒറ്റപ്പാലം സബ് കലക്ടർക്കെതിരെ ആദിവാസികളുടെ പരാതി

കോഴിക്കോട് : അട്ടപ്പാടിയിലെ ഭൂമി കൈയേറ്റത്തിൽ ഒറ്റപ്പാലം സബ് കലക്ടർക്കെതിരെ ആദിവാസികളുടെ പരാതി. അട്ടപ്പാടി വെള്ളകുളം ഊരിലെ രാമി, രംങ്കി എന്നിവരാണ് പാലക്കാട് കലക്ടർക്ക് പരാതി നൽകിയത്. ആദിവാസികൾ ചുമതലപ്പെടുത്തിയ അഡ്വ. ദിനേശ് ഒറ്റപ്പാലം സബ് കലക്ടർ ഓഫിസിൽ ഹാജരായെങ്കിലും വക്കാലത്ത് സ്വീകരിക്കാനോ, ആദിവാസികളുടെ ഭാഗം കേൾക്കാനോ സബ് കലക്‌ടർ തയാറായില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റപ്പാലം സബ് കലക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ ഭൂമി സംബന്ധിച്ച ഫയലും പരിശോധിച്ചില്ല.

സദാനന്ദ രംഗരാജ് ഉൾപ്പടെയുള്ള സംഘം ആദിവാസി ഭൂമി കൈയേറ്റം നടത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ സംബന്ധിച്ച് ഒറ്റപ്പാലം സബ് കലക്‌ടർ ഓഫീസിൽ നേരിട്ടെത്തിയാണ് നവംമ്പർ 15ന് ആദിവാസികൾ പരാതി നൽകിയത്. ഈ പരാതി വാങ്ങിയ ഉദ്യോഗസ്ഥർ ടോക്കൻ നമ്പരും നൽകി. എന്നാൽ, ആദിവാസികളുടെ പരാതിയിന്മേൽ സബ് കലക്ടർ അന്വേഷണം നടത്തിയില്ല. ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1816/3ലും 1816/1 ലും നികുതി അടക്കുന്ന 11 ഏക്കർ ഭൂമി ഭീഷണിപ്പെടുത്തി കൈയേറുന്നവെന്നാണ് ആദിവാസികളുടെ പരാതി.


ഡിസംബർ ആറിനാണ് സതാനന്ദ് രംഗരാജ് സബ് കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി പ്രകാരം 1816/2, 1816/3, 1817/3 എന്നീ സർവേ നമ്പരിലെ ഭൂമി മുത്തമ്മാളിൽനിന്ന് അദ്ദേഹം മുക്ത്യാർ വാങ്ങിയതാണ്. എന്നാൽ, ഈ ഭൂമി വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകളിൽ കൃത്രിമം നടത്തി ആദിവാസി വിഭാഗത്തിൽപ്പെട്ട വെള്ളകുളത്തെ രംങ്കിയുടെ പേരിലേക്ക് കൈമാറ്റം നടത്തുന്നതിനും പട്ടയം ലഭിക്കുന്നതിനും ശ്രമം നടത്തുന്നുവെന്നാണ്. സതാനന്ദ് രംഗരാജിന്റെ ഈ പരാതിയിലാണ് ഒറ്റപ്പാലം സബ് കലക്ടർ ഈമാസം ഏഴിന് നോട്ടീസ് പുറപ്പെടുവിച്ചു.

നോട്ടീസ് ഒമ്പതിന് വൈകീട്ട് ആദിവാസി ഊരിൽ എത്തിയെങ്കിലും യാത്ര സൗകര്യം തീരെ കുറവായതിനാലും, കുറഞ്ഞ സമയത്തിനുള്ളിൽ ഒറ്റപ്പാലത്തെത്തി തിരികെ വീട്ടിലെത്താൻ സൗകര്യമില്ലാത്തതിനാലും, വന്യമൃഗങ്ങളുള്ളതിനാലും ഹാജരാകാൻ വക്കീലിനെ ചുമതലപ്പെടുത്തിയെന്നാണ് രംങ്കി പരാതിയിൽ ചൂണ്ടിക്കാണിച്ചത്. ആദിവാസി ഭൂമി അന്യാധീനപ്പെട്ട (ടി.എൽ.എ) കേസിൽ (നം. 869/87) 2011 മെയ് 31ന് ആദിവാസികൾക്ക് അനുകൂലമായി വിധിയുണ്ട്. ആ ഭൂമിയിലാണ് ആദിവാസികൾ നിലവിൽ വീട് വെച്ച് താമസിക്കുന്നത്.



 വെള്ളകുളത്തെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആദിവാസി നൽകിയ പരാതിയിന്മേൽ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണമില്ല. ആദിവാസികൾ അല്ലാത്തവർ ഈ മാസം ആറിന് നൽകിയ പരാതി ശരവേഗതയിൽ നോട്ടീസ് പുറപ്പെടുവിച്ചതിലും 11ന് സിറ്റിങ് നടത്താൻ തിടുക്കം കാട്ടിയതിലും ദുരൂഹതയുണ്ടെന്നാണ് ആദിവാസികളുടെ ആരോപണം. ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്ക് സബ് കലക്ടർ കൂട്ടുനിൽക്കുന്നവെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ടി.എൽ.എ. കേസിലെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. ആദിവാസി ഭൂമിയിലെ കൈയേറ്റം തടയാനും മറ്റുള്ളവർക്ക് ഭൂരേഖകൾ ഇതേ ഭൂമിക്ക് നൽകുന്ന റവന്യൂ അധികാരികളുടെ നടപടിയിൽ ഒറ്റപ്പാലം സബ് കലക്ടറെ മാറ്റി നിർത്തി ഉന്നതതല അന്വേഷണം നടത്തണം. തെറ്റായ തീരുമാനമെടുത്ത് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ ആദിവാസികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Land grab in Attapadi: Complaint of tribals against Ottapalam sub collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.