തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കാനാണ് നിലവിലെ 27 ആർ.ഡി.ഒമാർക്ക് പുറമേ, 42 ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി അധികാരം നൽകി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണം നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി കെ. രാജൻ.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 2017 മുതൽ 2022 വരെ 2.26 ലക്ഷം അപേക്ഷകളാണ് ഓഫ്ലൈനായി ലഭിച്ചത്. ഇതിൽ 2.23 ലക്ഷം തീർപ്പാക്കി. അതേസമയം, ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ 2022 ഫെബ്രുവരിക്കുശേഷം 3.17 ലക്ഷം അപേക്ഷ ഓൺലൈനായി എത്തി. ഇതിൽ തീർപ്പാക്കാനായത് 82,508 അപേക്ഷകൾ മാത്രമാണ്. 2.28 ലക്ഷം ശേഷിക്കുന്നു. ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി അധികാരം കിട്ടുന്നതോടെ 27 കേന്ദ്രങ്ങളിൽ പരിമിതമായ പരാതി തീർപ്പാക്കൽ 69 കേന്ദ്രങ്ങളിലേക്ക് കൂടി വിശാലമാകും. ശേഷിക്കുന്ന 2.28 ലക്ഷം അപേക്ഷകളിൽ 1.16 ലക്ഷവും നിലം കരയാക്കാനുള്ള ഫോറം ആറു പ്രകാരമുള്ളതാണ്. ഇതു തുടരണോ എന്ന കാര്യം ആലോചിക്കേണ്ടിവരും.
ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് മറ്റൊരു പ്രശ്നം. 2022 ഫെബ്രുവരി 22വരെ 990 ഉദ്യോഗസ്ഥരും 341 വാഹനങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാൽ, പ്രമോഷനിലൂടെ 68 ജൂനിയർ ഓഫിസർമാരെയും പി.എസ്.സി വഴി 180 ക്ലർക്കുമാരെയും എംപ്ലോയ്മെന്‍റിൽനിന്ന് 121 സർവേയർമാരെയും ഉൾപ്പെടുത്തി പരാതി തീർപ്പാക്കൽ സംവിധാനത്തിലെ ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.