തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചതോടെ, കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കാര്യത്തിൽ അനിശ്ചിതത്വം. ഭൂമി തരംമാറ്റത്തിനായി നേരിട്ട് ലഭിച്ച 2.75 ലക്ഷം അപേക്ഷകളും ഓൺലൈനായി ലഭിച്ച ഒരുലക്ഷത്തോളം അപേക്ഷകളും ഇതുവരെ തീർപ്പാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം അപേക്ഷകളാണ് ഇനി തീർപ്പാക്കാനുള്ളത്. ഭൂമി തരംമാറ്റത്തിന് 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ അധികമുള്ള ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടച്ചാൽ മതിയെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞദിവസം ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 25 സെന്റിൽ അധികമുള്ള ഭൂമി തരംമാറ്റാൻ ആകെ വസ്തുവിന്റെ 10 ശതമാനം നൽകണമെന്നായിരുന്നു സർക്കാർ നിലപാട്. ഹൈകോടതി അത് അംഗീകരിച്ചില്ല. ഹൈകോടതി വിധി ഭൂമി തരംമാറ്റ അപേക്ഷകർക്ക് ഗുണകരമാണെങ്കിലും സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചതുവഴി തുടർനടപടികൾ ഒരിടത്തും ഇനി മുന്നോട്ടുപോകില്ല. ഭൂമി തരംമാറ്റത്തിലെ ഫീസിനത്തിൽ ഇതുവരെ 1100 കോടിയിലേറെ രൂപയാണ് സർക്കാറിന് ലഭിച്ചത്. ഇതിൽ 1000 കോടി രൂപയും ഈ സർക്കാറിന്റെ കാലത്താണ്. ഭൂമി തരംമാറ്റുമ്പോൾ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കണമെന്നും അധിക ഭൂമിക്കുമാത്രം ഫീസ് ഈടാക്കാമെന്നുമുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നടപ്പായാൽ വൻ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്ത് 2021 ഫെബ്രുവരിയിൽ 25 സെന്റുവരെ ഫീസ് സൗജന്യമാക്കി ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ കുന്നുകൂടിയത്.
ഭൂനികുതി ഓൺലൈനായി അടയ്ക്കാൻ സംവിധാനം നിലവിൽ വന്നതോടെ ഭൂമിയുടെ തരം പുരയിടമോ നിലമോ എന്ന് രസീതിൽ രേഖപ്പെടുത്തി തുടങ്ങിയതും തരംമാറ്റ അപേക്ഷകൾ വർധിക്കാൻ കാരണമായി. നഗരവത്കരണത്തിനുശേഷവും ഭൂമിയുടെ തരം നിലമായി തുടരുന്നത് ഉടമകൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്.
ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകുന്ന അപ്പീലിലും ഫലമുണ്ടായില്ലെങ്കിൽ സർക്കാറിന് മുന്നിലുള്ളത് ചട്ടഭേദഗതിയെന്ന വഴിയാണ്. അതും വലിയ നിയമക്കുരുക്കിലേക്ക് ചെന്നെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.