അതിരപ്പിള്ളി (തൃശൂർ): അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപ്പൊട്ടൽ. ശനിയാഴ്ച രാത്രി ഒമ്പതിന് കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചതോടെയാണ് വിവരം അറിഞ്ഞത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ടായിരുന്നു.
എന്നാൽ, ജലപ്രവാഹം കഴിഞ്ഞ പ്രളയകാലത്തെ പോലെ ആനമല റോഡിലേക്ക് ഉയർന്നിട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ച് കാര്യമായ വിവരങ്ങൾ വ്യക്തമല്ല. അതിരപ്പിള്ളി വനമേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നതെന്ന് കരുതുന്നു. ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
രാത്രിയായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വനപാലകർ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണംകുഴിപ്പാലത്തിന് അടിയിലൂടെ അനിയന്ത്രിതമായ ജലപ്രവാഹം പുറപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ അതിരപ്പിള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വനപാലകരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഉരുൾപ്പൊട്ടൽ വിവരം ലഭിച്ചത്. ശനിയാഴ്ച ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുലം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്. വെള്ളം ഒഴുകിയെത്തുന്നത് ചാലക്കുടിപ്പുഴയിലേക്കാണ്. ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.