കോട്ടയം: സർക്കാർ ഏറ്റെടുക്കണമെന്ന് സ്പെഷൽ ഒാഫിസർ ശിപാർശചെയ്ത തോട്ടങ്ങളിൽനിന്ന് ഒരുകാരണവശാലും കരം സ്വീകരിക്കരുതെന്ന് വില്ലേജ് ഒാഫിസർമാർക്ക് റവന്യൂ വകുപ്പിെൻറ കർശനനിർദേശം. ഇക്കാര്യത്തിൽ ജില്ല കലക്ടർമാരും തഹസിൽദാർമാരും ജാഗ്രത പുലർത്തണമെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ ഏറ്റെടുക്കാനിരിക്കുന്ന തോട്ടങ്ങൾക്കും ഇതര വസ്തുക്കൾക്കും വ്യാപകമായി വില്ലേജ് ഒാഫിസുകളിൽ കരം സ്വീകരിച്ച് രസീത് നൽകുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, വയനാട് ജില്ലകളിലാണ് പരാതിയേറെയും.
വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി സംശയിക്കുന്ന കേസുകൾ അന്വേഷണത്തിനായി വിജിലൻസിന് കൈമാറിയിട്ടുണ്ട്. ഇടുക്കിയിൽനിന്നുമാത്രം ഇത്തരത്തിൽ അഞ്ഞൂറിലേറെ പരാതിയാണ് ലഭിച്ചത്. കണ്ടെത്തുന്ന കേസുകളിൽ കരം ഒടുക്കിയത് ഒഴിവാക്കാനുള്ള നടപടികളും കലക്ടർമാർ നേരിട്ട് ആരംഭിച്ചിട്ടുണ്ട്.
കരം ഒടുക്കിക്കഴിഞ്ഞാൽ കോടതിയെ സമീപിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പലരും തയാറാക്കുന്നുണ്ടെന്നും റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവിൽ സർക്കാർ ഏറ്റെടുക്കാനിരിക്കുന്ന കൊല്ലം പുനലൂരിലെ ബീബീസ് എസ്റ്റേറ്റിന് അടുത്തിടെ കരം ഒടുക്കി നൽകിയതായും കണ്ടെത്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ പോലും വീഴ്ചവരുത്തുന്നുവെന്നാണ് റവന്യൂ വകുപ്പിെൻറ കണ്ടെത്തൽ. സർക്കാർ നയത്തിനെതിരെ പ്രവർത്തിച്ച ഏതാനും ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആരംഭിച്ചു. പുനലൂരിലെ ബീബീസ് എസ്റ്റേറ്റിലെ 349 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിറക്കിയ ശേഷവും റവന്യൂ വകുപ്പിെൻറ ഭാഗത്തുനിന്ന് തോട്ടം ഉടമകളെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായെന്നും സർക്കാറിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
ഹാരിസൺ എസ്റ്റേറ്റുകൾക്കും ഇത്തരത്തിൽ വഴിവിട്ട സഹായം ലഭിച്ചെന്നാണ് റവന്യൂ വകുപ്പിെൻറ ആരോപണം. പലയിടത്തും ഇതുസംബന്ധിച്ച് അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.