ഉരുൾപൊട്ടലിൽ മരണസംഖ്യ 120 കടന്നു; രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിക്കും

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 120 കടന്നു. 20 മണിക്കൂർ നീണ്ട ചൊവ്വാഴ്ചത്തെ രക്ഷാപ്രവർത്തനം രാത്രിയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ പുനരാരംഭിക്കും. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് ചൂരല്‍മലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ താൽക്കാലിക പാലം നിര്‍മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു.

മുണ്ടക്കൈയിൽ നൂറിലധികം പേർ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് കരുതുന്നത്. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.

നിരവധിപേര്‍ ദുരന്തമേഖലയില്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിച്ചത്. നാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിനായി ദുരന്തമേഖലയില്‍ രാത്രിയും തുടര്‍ന്നു. മന്ത്രിമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥസംഘം തുടങ്ങിയവരെല്ലാം മുണ്ടക്കൈ ചൂരല്‍മല രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.

ആദ്യഘട്ടത്തിൽ എന്‍.ഡി.ആര്‍.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവര്‍ത്തകര്‍ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്‌തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങിയത്.

Tags:    
News Summary - Landslide death toll crosses 120

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.