കൺമുന്നിൽ ഉറ്റവരുടെ വീടുകൾ ഒലിച്ചു പോകുന്നു; കുഞ്ഞുങ്ങളെയുമെടുത്ത് റാഷിദ് ഓടി...

കൽപറ്റ: ജീവൻ തിരിച്ചുകിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ലാതെ റാഷിദ് അടക്കം നൂറോളം പേർ മുണ്ടക്കൈയിലെ റിസോർട്ടിൽ കുടുങ്ങിയത് 15 മണിക്കൂറോളം. വിശന്ന് കരയുന്ന കുഞ്ഞുങ്ങളെയടക്കം ജീവൻ കൈയിൽ പിടിച്ച് അവർ കാത്തിരുന്നു. ഒടുവിൽ ഇന്ന് വൈകുന്നേരം 3.30ഓടെ രക്ഷാ കരങ്ങളെത്തിയെങ്കിലും ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ മണ്ണിനടിയിലായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ‘മാധ്യമം ഓൺലൈനി’നോട് സംസാരിക്കുമ്പോൾ മുണ്ടക്കൈയിലെ തന്‍റെ വീടിന്‍റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും പല അടുത്ത ബന്ധുക്കളെക്കുറിച്ചും ഇതുവരെ വിവരമില്ലെന്നും റാഷിദ് പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മണിക്കൂറുകളാണ് കഴിഞ്ഞുപോയതെന്ന് റാഷിദ് പറഞ്ഞു... ചൊവ്വാഴ്ച പുലർച്ചെ 12.30 മുതൽ കനത്ത മഴയായിരുന്നു. മഴയുടെ ശക്തി കണ്ടതിനാൽ ചെറിയ ആശങ്ക തോന്നി ഉറക്കം വന്നില്ല. 1.30 ആയപ്പോൾ വലിയ പറക്കഷ്ണങ്ങൾ ഒഴുകി വരുന്ന ശബ്ദം കേട്ടു. ആദ്യത്തെ ഉരുൾപൊട്ടലായിരുന്നു അത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ വീടിന്‍റെ മുൻ വാതിൽ തുറന്നു. തൊട്ടുമുന്നിലെ വീട് ഒലിച്ചു പോകുന്നത് കണ്ടു. തട്ടായി കിടക്കുന്ന ഭൂമിയിൽ മുകളിലാണ് റാഷിദിന്‍റെ വീട്. താഴേക്ക് നോക്കിയപ്പോൾ ഉറ്റ ബന്ധുക്കളടക്കമുള്ളവരുടെ വീടുകൾ അപ്രത്യക്ഷമായിരിക്കുന്നു. വീടുകൾ നിന്ന ഭാഗത്തിലൂടെ വെള്ളം കുത്തിയൊലിക്കുന്നു.

ഞെട്ടിത്തരിച്ച് നിൽക്കാൻ സമയമില്ലായിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞടക്കം മക്കളെയും ഭാര്യയെയും കൂട്ടി റാഷിദ് വീട്ടിൽനിന്ന് ഇറങ്ങിയോടി. വീടിന്‍റെ മുകൾ ഭാഗത്തുള്ള റിസോർട്ടിലേക്കാണ് ഓടിച്ചെന്നത്. രണ്ട് മണിയോടെ വീണ്ടും ഉഗ്രൻ ശബ്ദം കേട്ടു. ഭൂമി വിറകൊണ്ടു. പുലർച്ചെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. രാവിലെ പത്ത് മണിയോടെയാണ് പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചത്. രക്ഷപ്പെടുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ലെന്ന് റാഷിദ് പറയുന്നു.

ഉരുൾ ദുരന്തം തന്‍റെ വീടും കടപുഴക്കിയോ എന്ന വിവരമൊന്നും റാഷിദിന് ലഭിച്ചിട്ടില്ല. പക്ഷേ, അതിനേക്കാൾ ഉള്ളു നീറുന്നത് കാണാതായ ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്താണെന്ന് റാഷിദ് പറഞ്ഞു.

Tags:    
News Summary - mundakai native rashid describes about Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.