കൊച്ചി: ലാനിന പ്രതിഭാസം കേരളത്തിെൻറ വടക്ക്- പടിഞ്ഞാറൻ മൺസൂണിനെ ബാധിച്ചതോടെ കുറഞ്ഞത് 26 ശതമാനം മഴ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ തുലാവർഷമാണിതെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കിഴക്കൻ പസഫിക്കിൽ സമുദ്ര ഉപരിതല ഊഷ്മാവ് കുറയുന്നതാണ് ലാനിന പ്രതിഭാസത്തിന് കാരണം. ഇത്തവണ ലാനിന തുടങ്ങിയത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. ഇത് ബാധിക്കുന്ന വർഷങ്ങളിൽ കേരളത്തിൽ കാലവർഷം, പ്രത്യേകിച്ച് തുലാവർഷം കുറവായിരിക്കുമെന്നതാണ് അനുഭവം.
കേരളത്തിൽ വ്യാഴാഴ്ച ഉച്ചക്കുശേഷം വ്യാപകമായി ലഭിച്ച മഴ 2021െൻറ കണക്കിലാണ് രേഖപ്പെടുത്തുക. കാലാവസ്ഥാ നിരീക്ഷകർ വടക്ക്-പടിഞ്ഞാറൻ മൺസൂണിേൻറതായി രേഖപ്പെടുത്തുന്ന മഴ വ്യാഴാഴ്ച രാവിലെ 8.30ന് അവസാനിച്ചതിനാലാണിത്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്.
ഒറ്റപ്പെട്ട മഴയാണ് വ്യാഴാഴ്ച പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ ജില്ലയിലും ലഭിച്ചു. വെള്ളിയാഴ്ചയോടെ കുറയുന്ന മഴ ജനുവരി അഞ്ചുമുതൽ എട്ടുവരെ വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളം 'മാധ്യമ'ത്തോട് പറഞ്ഞു.
14 ശതമാനം കൂടുതൽ ലഭിച്ച കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇത്തവണ ശരാശരിയെക്കാൾ കുറവായിരുന്നു മഴ. മലപ്പുറം ജില്ലയിൽ 58 ശതമാനം കുറവ് മഴ ലഭിച്ചപ്പോൾ പാലക്കാട് -45 ശതമാനം, തൃശൂർ -43, തിരുവനന്തപുരം -37, കൊല്ലം -31, വയനാട് -29, ആലപ്പുഴ -29, എറണാകുളം -17, കോഴിക്കോട് -16, പത്തനംതിട്ട -12, ഇടുക്കി -11, കണ്ണൂർ -എട്ട് ശതമാനം എന്നിങ്ങനെ മഴ കുറഞ്ഞു.
491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 365.3 മില്ലിമീറ്ററാണ് കിട്ടിയത്. ഇതിനുമുമ്പ് 2016ൽ 185 എം.എം, 2012ൽ 312, 2000ൽ 361 എന്നിങ്ങനെയായിരുന്നു കുറവ് മഴ ലഭിച്ചത്. 625 മില്ലിമീറ്റർ അധികം മഴ ലഭിച്ച 2019ലേത് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച 10ാമത്തെ തുലാവർഷം ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.