ന്യൂഡൽഹി: പാർലമെൻറ് അംഗങ്ങൾക്കും നിയമസഭ സാമാജികർക്കുമെതിരെ കഴിഞ്ഞവർഷം രണ്ടായിരത്തിലധികം കേസുകൾ പ്രത്യേക കോടതികൾ തീർപ്പാക്കിയതായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം. എങ്കിലും ധാരാളം കേസുകൾ തീർപ്പുകൽപിക്കാതെ കിടക്കുകയാണ്.
അവയിൽ പലതും ദീർഘകാലം നീളുന്നവയാണെന്നും എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് അശ്വിനി ഉപാധ്യായയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ക്രിമിനൽ കേസുകളുള്ള 501 സ്ഥാനാർഥികളാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മത്സരിക്കുന്നത്. ഇവരിൽ 327 സ്ഥാനാർഥികൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളാണുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 7928 സ്ഥാനാർഥികളിൽ 1500 പേർക്കെതിരെ ക്രിമിനൽ കേസുണ്ടായിരുന്നു. അതിൽ 1070 സ്ഥാനാർഥികളുടേത് ഗുരുതര ക്രിമിനൽ കേസുകളായിരുന്നു.
മഹാരാഷ്ട്രപോലുള്ള വലിയ സംസ്ഥാനങ്ങൾ 2023 ജനുവരി ഒന്നുവരെ 476 കേസുകളിൽ 232 എണ്ണവും പശ്ചിമ ബംഗാൾ 26ൽ 13ഉം ഗുജറാത്ത് 48ൽ 30ഉം കർണാടക 226ൽ 150ഉം കേരളം 370ൽ 132ഉം തീർപ്പാക്കി. ബിഹാർ 525 കേസുകളിൽ 171 എണ്ണം തീർപ്പാക്കിയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻ.ജി.ഒയുടെ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് വിജയ് ഹൻസാരിയ പറഞ്ഞു.
ക്രിമിനൽ കേസുകളില്ലാത്ത സ്ഥാനാർഥികളെക്കാൾ കൂടുതൽ ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് വിചാരണകൾ വേഗത്തിൽ തീർപ്പാക്കാനും അവയുടെ അന്വേഷണത്തിന് ഹൈകോടതികളുടെ കർശന നിരീക്ഷണത്തിനും കൂടുതൽ നിർദേശങ്ങൾ ആവശ്യമാണെന്നും സത്യവാങ്മൂലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.