തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങൾ വിട്ടുമാറാതെ യാത്രക്കാരെ വട്ടം കറക്കി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ. കഴിഞ്ഞ ദിവസം യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച അതിവേഗ ട്രെയിനിന്റെ ചൊവ്വാഴ്ചത്തെ സർവിസും സമാനം. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20നു പുറപ്പെടേണ്ട ട്രെയിൻ യാത്ര തുടങ്ങിയത് 67 മിനിറ്റ് വൈകി. സാങ്കേതിക പ്രശ്നങ്ങളാണ് വൈകലിന് കാരണം.
എന്നാൽ, തകരാറ് പരിഹരിച്ചോ എന്ന് പരിശോധിച്ചതിനാലാണ് വൈകിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. തിങ്കളാഴ്ച രാത്രി തമ്പാനൂരിലെത്തിയ ട്രെയിനിലെ പരിശോധനക്ക് രാത്രി മുഴുവൻ സമയമുണ്ടായിരുന്നു. എന്നിട്ടും സർവിസ് ആരംഭിക്കേണ്ട നേരംവരെ പരിശോധന നീട്ടിയതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.
സമയപ്പട്ടിക പ്രകാരം രാവിലെ 6.08നാണ് കൊല്ലത്ത് എത്തേണ്ടത് എങ്കിലും വൈകിയത് ഒരു മണിക്കൂർ 10 മിനിറ്റ്. കോട്ടയത്തും എറണാകുളത്തും വൈകിയോട്ടം തുടർന്നു. ഷൊർണൂരിൽ രാവിലെ 10ന് എത്തേണ്ട ട്രെയിൻ എത്തിയത് 11.22നാണ്. കോഴിക്കോടെത്തിയപ്പോൾ വൈകൽ ഒന്നര മണിക്കൂറായി.
വന്ദേഭാരതിന് വഴിയൊരുക്കാൻ മറ്റ് ട്രെയിനുകളെ പിടിച്ചിട്ടു. അതിനാൽ, ശബരി എക്സ്പ്രസ് 40 മിനിറ്റ് വരെ വൈകി. വന്ദേഭാരത് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യാത്ര തിരിച്ച ഏറനാടും പിടിച്ചിട്ടു. ഇതോടെ അരമണിക്കൂർ വരെ വൈകിയാണ് ട്രെയിൻ ഓടിയത്. ജനശതാബ്ദിയും തൃശൂർ മുതൽ അരമണിക്കൂർ വൈകി. ട്രെയിനിന്റെ ഇലക്ട്രിക്കൽ സംവിധാനം തകരാറിലായതിനെ തുടർന്ന് സ്വയമേ പ്രവർത്തിക്കുന്ന സുരക്ഷ സംവിധാനങ്ങൾ എല്ലാം ആക്ടിവായി.
ഇതോടെ ബ്രേക്കും വാതിലുകളും എ.സികളുമടക്കം എല്ലാ സംവിധാനങ്ങളും നിശ്ചലമായതാണ് പ്രശ്നമായത്. കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ കാരണം രണ്ടു മണിക്കൂർ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. തുടർന്ന് മാന്വലായി പ്രശ്നം പരിഹരിച്ച് ട്രെയിൻ യാത്രതുടർന്നു. അധികം വൈകാതെ വീണ്ടും തകരാറായതോടെ ട്രെയിൻ പിടിച്ചിട്ടു. വേഗം കുറച്ചും മറ്റ് ട്രെയിനുകളെ കയറ്റിവിട്ടുമെല്ലാമായിരുന്നു തിരുവനന്തപുരത്തേക്കുള്ള അന്നത്തെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.