തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. കുത്തകകൾക്കു വേണ്ടി സര്‍ക്കാര്‍ സാധാരണക്കാരെ കുടിയിറക്കുകയാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു. ദുഃഖവെള്ളി ശുശ്രൂഷകൾക്കു ശേഷം വിശ്വാസികൾക്ക് നൽകിയ പ്രത്യേക സന്ദേശത്തിലാണ് ആർച്ച് ബിഷപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാർ ഭവനരഹിതരായി ഗോഡൗണുകളിൽ കഴിയുകയാണ്. കുത്തകകൾക്കു വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്ന നയങ്ങളുണ്ടാകുന്നു. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസ്സമായി തീരുകയും കുടിയേറ്റത്തിന് കാരണമാകുകയുമാണ്. പുത്തൻ സാമ്പത്തിക നയങ്ങൾ മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും കർഷകരെയും ദുരന്ത സാഹചര്യത്തിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ മാസങ്ങൾ നീണ്ട സമരം സർക്കാറുമായുള്ള ഏറ്റുമുട്ടലിലാണ് പര്യവസാനിച്ചത്. സമരഘട്ടത്തിൽ ഭവനരഹിതരായി ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ വിഷയം സഭ പലവട്ടം ഉന്നയിച്ചത് പൊതുചർച്ചയായിരുന്നു. സമരം ഒത്തുതീരുന്നതിലേക്കെത്തിയ ഉറപ്പുകൾ ഭാഗികമാണെന്ന് സഭാനേതൃത്വം പലവട്ടം ആവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.