ലോ അക്കാദമി സമരം: ഉപസമിതി റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് നിയോഗിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോളജ് മാനേജ്മെന്റിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയതായാണ് സൂചന. ഉപസമതി കോളജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്‍റിന്‍റെയും വാദങ്ങള്‍ കേട്ടിരുന്നു. ലോ അക്കാദമി മാനേജ്മെന്‍റിനും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കുമെതിരായ ആരോപണങ്ങളില്‍ അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഉപസമിതിയാണ് മൂന്ന് ദിവസം തെളിവെടുപ്പ് നടത്തിയത്. റിപ്പോര്‍ട്ട് നാളെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. 

ദലിത് പീഡനം, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ വിവേചനം തുടങ്ങിയ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിലയിലാണ് കോളജിന്റെ നടത്തിപ്പെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് ചേരുന്ന ഉപസമിതി യോഗം വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കിയ ശേഷമാകും കോളജിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുക. 

അതേസമയം, പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്. സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ കോളജ് കവാടത്തില്‍ നിരാഹാര സമരം നടത്തുന്നുണ്ട്. നേരത്തെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കോളജ് ഏറ്റെടുക്കണമെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവർ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - law academy issue sub committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.