അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി

വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

നിയമഭേദഗതി സഹകരണ സംഘങ്ങളോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്കാരമെത്തിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 69ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പിരായിരിയില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സഹകരണ പ്രസ്ഥാനത്തില്‍ മുന്നില്‍നില്‍ക്കുന്നത് കേരളമാണ്. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം രൂപവത്കരിക്കുമ്പോള്‍ 3111 സംഘമാണുണ്ടായിരുന്നത്. 66 വര്‍ഷംകൊണ്ട് അഞ്ചിരട്ടിയോളം വര്‍ധനയാണുണ്ടായത്.

അടുത്തകാലത്ത് വന്ന ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി സഹകരണ സംഘങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. കാര്‍ഷിക ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ആദായനികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റൊരു വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങൾക്കെതിരെ വലിയ ജാഗ്രതയുണ്ടാകണം. അതോടൊപ്പം മേഖലയെ അഴിമതിരഹിതമായി സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കാനുള്ള പ്രചാരണ പരിപാടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ. ശാന്തകുമാരി, പി.പി. സുമോദ്, കെ.ഡി. പ്രസേനന്‍, കെ. പ്രേംകുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സംസ്ഥാന സഹകരണ യൂനിയന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് പാലക്കാട് നഗരത്തിൽ വർണാഭമായ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.

Tags:    
News Summary - Law Amendment Challenge to Co-operative Societies - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.