കൊച്ചി: തടവുപുള്ളിയെ സന്ദർശിക്കാൻ അനുമതി വാങ്ങിയെത്തുന്ന അഭിഭാഷകരെ ജയിൽ കവാടത്തിൽ അനാവശ്യമായി തടഞ്ഞുനിർത്തരുതെന്ന് ഹൈകോടതി. കേസിന്റെ കാര്യത്തിന് തടവുപുള്ളികളെ കാണാനെത്തുന്ന അഭിഭാഷകർക്ക് കൂടിക്കാഴ്ച അനുവദിക്കാതിരിക്കുന്നത് ഭാവിയിൽ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
അഭിഭാഷകരെ അനാവശ്യമായി ജയിൽ കവാടത്തിൽ തടയരുതെന്നും മതിയായ പരിഗണന നൽകണമെന്നും വ്യക്തമാക്കി ജയിൽ ഡി.ജി.പി സർക്കുലർ ഇറക്കണം. ഇതിന് ഹൈകോടതി വിധിയുടെ പകർപ്പ് ജയിൽ ഡി.ജി.പിക്ക് നൽകാനും സിംഗിൾബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി. പൊലീസുകാരനെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആട് ആന്റണിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ ഒപ്പിട്ട് വാങ്ങാനെത്തിയപ്പോൾ ജയിൽ അധികൃതർ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. തുഷാർ നിർമൽ സാരഥി നൽകിയ ഹരജിയിലാണ് ഉത്തരവ്.
ജയിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് 70 ശതമാനം കാഴ്ച നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആട് ആന്റണി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ജയിലിലെത്തിയപ്പോൾ അധികൃതർ അനുവദിച്ചില്ലെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.