തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ മൂലമുള്ള ബുദ്ധിമുട്ടുകളും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് യു.ഡി.എഫ്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച യു.ഡി.എഫ് പ്രതിനിധിസംഘമാണ് ഈ ആവശ്യമുന്നയിച്ചത്. സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സന്നദ്ധമാണെന്നും സംഘം അറിയിച്ചു.
ഇക്കാര്യങ്ങളില്‍ 21ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സഹകരണബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരുടെ അടിയന്തരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ‘കോഓപറേറ്റിവ് ഗാരന്‍റി ട്രാന്‍സാക്ഷന്‍ സിസ്റ്റം’ സ്വീകാര്യമാണെന്നും ഇത് നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കുപുറമെ മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീന്‍ എന്നിവരും സംബന്ധിച്ചു.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ തത്വത്തില്‍ യോജിച്ചതായി കൂടിക്കാഴ്ചക്കുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്തിന്‍െറ വികാരം കേന്ദ്രസര്‍ക്കാറിനെയും ആര്‍.ബി.ഐയെയും അറിയിക്കാന്‍ സഭ ചേരുന്നതിലൂടെ സാധിക്കും. സഹകരണമേഖലയെ തകര്‍ക്കാനുള്ള ഒരുശ്രമത്തോടും യു.ഡി.എഫിന് യോജിപ്പില്ല.
ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തയാറാണ്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ ഡല്‍ഹിക്ക് അയക്കണം. സഹകരണമേഖലക്കെതിരായ ഭീഷണി നേരിടുന്നതിനെക്കുറിച്ച് സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കക്ഷിനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.എ. അസീസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.പി. ജോണ്‍, വി.എസ്. മനോജ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യു.ഡി.എഫ് നിലപാടിന് സി.പി.എം അഭിനന്ദനം
തിരുവനന്തപുരം: കേന്ദ്ര നടപടിമൂലം സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി നേരിടാന്‍ പ്രക്ഷോഭം ഉള്‍പ്പെടെ ഏതുതരത്തിലും സഹകരിക്കാന്‍ സന്നദ്ധമാണെന്ന യു.ഡി.എഫ് പ്രഖ്യാപനം സി.പി.എം സ്വാഗതം ചെയ്തു. യു.ഡി.എഫ് പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിലപാട് അറിയിച്ചതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ചാണ് നിലപാടിനെ സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.