തിരുവനന്തപുരം: വിവാദമായ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കലും ആന്റണി രാജുവിന്റെ തുറന്നടിക്കലും രംഗം കലുഷിതമാക്കുമ്പോഴും പരസ്യപ്രതികരണത്തിന് സഡൻ ബ്രേക്കിട്ട് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ചാനൽ അഭിമുഖത്തിൽ രൂക്ഷമായാണ് ആന്റണി രാജു പരാമർശങ്ങൾ നടത്തിയതെങ്കിലും പ്രതികരിക്കാൻ ഗണേഷ് തയാറായില്ല. മന്ത്രി സ്ഥാനം രാജിവെച്ചതിനാൽ തനിക്കിനി ബാധ്യതകളില്ലെന്ന ഭാവത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ആന്റണി രാജു.
മുന്നണിയിലായിരിക്കെ തന്നെ നിയമസഭയിലും പുറത്തും സർക്കാറിനെതിരെ പരസ്യവിമർശത്തിന് പലവട്ടം മുതിർന്നിട്ടുള്ളയാളാണ് ഗണേഷ്കുമാർ. പൊതുജനാരോഗ്യ ബിൽ ചർച്ചക്കെടുത്തപ്പോൾ ‘ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കുന്നത് നല്ലത് തന്നെ പക്ഷേ, രോഗികൾക്കെന്താ സംരക്ഷണം വേണ്ടേ’യെന്നായിരുന്നു മന്ത്രി വീണാ ജോർജിനോടുള്ള ഗണേഷിന്റെ ചോദ്യം. ആരോഗ്യവകുപ്പിലെ ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന് മറ്റൊരവസരത്തിൽ തുറന്നടിച്ചു. ഇത്തരത്തിൽ വിമർശനങ്ങളുടെ കാര്യത്തിൽ പിശുക്ക് കാട്ടാത്ത ഗണേഷ്കുമാർ, ആന്റണി രാജുവിന്റെ രൂക്ഷപ്രതികരണത്തിൽ സംയമനം പാലിക്കുന്നത് മുന്നണി ഇടപെടൽ മൂലമാണെന്നത് വ്യക്തമാണ്.
ഗതാഗത വകുപ്പിൽ കഴിഞ്ഞ രണ്ടുവർഷം അത്ര ശരിയായല്ല കാര്യങ്ങൾ നടന്നതെന്ന ഗണേഷിന്റെ പരാമർശങ്ങളാണ് പ്രകോപനത്തിന് കാരണമായത്. ഗാലറിയിലിരുന്ന് കളി കാണാൻ എളുപ്പമാണെന്നും കളത്തിലിറങ്ങുമ്പോഴേ ബുദ്ധിമുട്ട് മനസ്സിലാവൂവെന്നുമായിരുന്നു ആൻറണി രാജുവിന്റെ മറുപടി.
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ വിവാദ സ്ഥലം മാറ്റ പട്ടികയിൽ ഉദ്യേഗസ്ഥരെ വിമർശിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാലിന് സത്യപ്രതിജ്ഞ നടക്കുമ്പോൾ ഉദ്യോഗസ്ഥർ 2.45ന് സ്ഥലംമാറ്റ ഉത്തരവിറക്കിയത് ശരിയായില്ല. ജനുവരി 31നു മുമ്പ് സ്ഥാനക്കയറ്റം നൽകണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതു താൻ ഉദ്യോഗസ്ഥരെ പറഞ്ഞു മനസ്സിലാക്കിയെന്നും ടി.വി ചാനൽ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.