കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്‍റെ സ്ഥാനാർഥിത്വം മുന്നണി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വോട്ട് നേടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം ഇന്നു തുടങ്ങും.
സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം രണ്ടര മുതൽ ജെയ്ക്ക് സി. തോമസ് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. മണർകാട് മുതൽ വാകത്താനം വരെയുള്ള പര്യടനത്തിൽ പാർട്ടി പ്രവർത്തകർ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. 16ന് എൽ.ഡി.എഫ് കൺവെഷനും 17ന് പത്രികാ സമർപ്പണവും നടത്തും. വികസന വിഷയത്തിനൊപ്പം ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം നിലനിർത്തിയാകും എൽ.ഡി.എഫ് പ്രചാരണം.
ചാണ്ടി ഉമ്മൻ ഇന്ന് മുതൽ പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. എം.എൽ.എമാരും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഏകോപനം. ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗത്തിനൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിയാവും യു.ഡി.എഫ് പ്രചരണം.
ഇന്ന് ചേരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി സംബന്ധിച്ച് തീരുമാനമാകും. പിന്നീട് കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തും. പുതുമുഖ സ്ഥാനാർഥിയെത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.