മലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ നടത്തിയ അശ്ലീലച്ചുവയുള്ള പരാമർശത്തിലൂടെ വിവാദമായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവെൻറ പൊന്നാനി പ്രസംഗത്തിൽ മുസ്ലിം ലീഗിനെപ്പറ്റിയും അതിരുകടന്ന വാക്കുകൾ.
പ്രസംഗത്തിൽ നിന്ന്: ‘‘കോൺഗ്രസ്സുകാർ മുഴുവൻ പാണക്കാട്ട് പോയാണ് നോമിനേഷൻ കൊടുക്കാൻ പോണത്. കോൺഗ്രസ്സിെൻറ ആത്മാഭിമാനമെവിടെ. വെള്ളക്കാരനെതിരെ പോരടിച്ച ദേശീയ സ്വാതന്ത്ര്യ പൈതൃകത്തിെൻറ കണിക ഈ കോൺഗ്രസ്സിനുണ്ടോ. രാഹുൽ ഗാന്ധി തെളിയിച്ചത് അതല്ലേ. ഏത് കൊടിയാ രാഹുൽ ഗാന്ധി വന്നപ്പോ ഏറ്റവും കണ്ടത്, പച്ചക്കൊടി. രാഹുൽ ഗാന്ധി ആ പച്ചക്കൊടിയുടെ നടുവിലൂടെ പോവുന്ന രംഗം എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. രാഹുൽ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം. അദ്ദേഹം ധരിച്ച വെളുത്ത ഖദർ കുപ്പായത്തിന് വെള്ളക്കാരെൻറ പീരങ്കിയുടെയും തോക്കിെൻറയും മുന്നിലേക്ക് നടന്നുപോയി രക്തസാക്ഷികളായ ആയിരക്കണക്കിന് ഇന്ത്യൻ പോരാളികളുടെ ജീവരക്തത്തിെൻറ ഭൂമിക കൂടിയുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഉൽകൃഷ്ട ബോധം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിെൻറ പച്ചക്കൊടിയുടെ താഴേക്ക് വരാൻ ഒരിക്കലും തയാറാകുമായിരുന്നില്ല. അപമാനമാണിത്. ഈ രാജ്യത്തിെൻറ അപമാനമാണ്.
കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലിൽ നടന്ന ലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ പരിഹസിക്കാൻ ഒളിമ്പ്യൻ കെ.ടി. ഇർഫാനെയും പരാമർശിക്കുന്നുണ്ട് വിജയരാഘവൻ. ‘ടി.വിയിൽ കണ്ടില്ലേ. ഇ.ടി മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും എന്ത് വേഗതയിലാണ് നടക്കുന്നത്. അതിന് പിറ്റേന്നാണ് ആ വാർത്ത വരുന്നത്.
കൊണ്ടോട്ടിക്കാരൻ ഇർഫാൻ നടത്തത്തിൽ ഒളിമ്പിക്സ് യോഗ്യത മാർക്ക് കടന്നുവെന്ന്. എന്താ കാരണം. തലേന്ന് ടി.വിയിൽ മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കൂടി നടന്നുപോവുന്ന ദൃശ്യം കണ്ട് ആ കരുത്തോടുകൂടി ഊക്കിൽ നടന്നു.
അപ്പോൾ യോഗ്യത മാർക്ക് നേടി. ഈ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റ് മുഹമ്മദ് ബഷീർ വീട്ടിലേക്ക് നടന്നുപോവുന്ന വേഗതയുടെ കരുത്തിൽ ഇർഫാൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല’’- എന്നായിരുന്നു വാക്കുകൾ. അരീക്കോട് കുനിയിൽ നിന്നുള്ള ഇർഫാനെ കൊണ്ടോട്ടിക്കാരൻ എന്നാണ് മലപ്പുറം സ്വദേശിയായ വിജയരാഘവൻ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.