തിരുവനന്തപുരം: കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും വേണമെന്ന് ജനതാദൾ -എസ് (ജെ.ഡി.എസ്) നേതൃത്വം. സി.പി.എം നേതൃത്വവുമായി വെള്ളിയാഴ്ച നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഈ ആവശ്യം ജെ.ഡി.എസ് ഉയർത്തിയത്.
എന്നാൽ എൽ.ജെ.ഡിയും ജോസ് കെ. മാണി വിഭാഗവും പുതുതായി മുന്നണിയിലെത്തിയെന്നും ആ സാഹചര്യത്തിൽ ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച വേണമെന്ന നിർദേശവും സി.പി.എം നേതൃത്വം മുന്നോട്ടുെവച്ചു. അതിനാൽ നാല് സീറ്റിൽ ജെ.ഡി.എസിന് വഴങ്ങേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ലോക് താന്ത്രിക് ജനതാദലിനും നാല് സീറ്റ് നൽകിയേക്കും. ജെ.ഡി.എസിെൻറ കൈവശമുള്ള സിറ്റിങ് സീറ്റായ വടകര എൽ.ജെ.ഡിക്ക് വിട്ടുനൽകേണ്ടി വരാനുള്ള സാധ്യതയാണ് ജെ.ഡി.എസിനെ ബുദ്ധിമുട്ടിലാക്കുന്നത്. വടകര നിലനിർത്തി അതൃപ്തിയിലുള്ള നാണുവിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആഗ്രഹവും നേതൃത്വത്തിനുണ്ട്.
രണ്ട് ജനതാദൾ വിഭാഗങ്ങളും ലയിക്കണമെന്ന ആഗ്രഹം സി.പി.എം നേതൃത്വത്തിനുമുണ്ട്. ലയിച്ചുവന്നാൽ എട്ട് സീറ്റ് അല്ലെങ്കിൽ രണ്ട് പാർട്ടികൾക്കും നാല് സീറ്റുകൾ വീതം എന്ന നിലയിലാണ് ആലോചനയെന്നാണ് അറിയുന്നത്. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂർ, വടകര മണ്ഡലങ്ങളിലാണ് ജെ.ഡി.എസ് കഴിഞ്ഞതവണ മത്സരിച്ചത്. ഇവയിൽ കോവളത്തും അങ്കമാലിയിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.