തൃശൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതുമുന്നണി അരയും തലയും മുറുക്കി ഒരു ചുവട് മുന്നിട്ടിറങ്ങി. ആലത്തൂർ ലോക്സഭ മണ്ഡലത്തിലേക്ക് മന്ത്രി കെ. രാധാകൃഷ്ണനെയും ചാലക്കുടിയിലേക്ക് മുൻമന്ത്രി സി. രവീന്ദ്രനാഥിനെയും സ്ഥാനാർഥികളായി സി.പി.എം പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. ഇടത് സ്ഥാനാർഥികളുടെ റോഡ് ഷോ വൻ പ്രകടനമായി. മുൻമന്ത്രി വി.എസ്. സുനിൽകുമാറിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
തൃശൂർ ലോക്സഭ മണ്ഡലം പൂർണമായും ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങൾ ഭാഗികമായും ഉൾപ്പെടുന്നതാണ് തൃശൂർ ജില്ല. മൂന്ന് മണ്ഡലങ്ങളുടെ ഭാഗമാണെങ്കിലും ജില്ലയിൽനിന്ന് ഇടതുമുന്നണിക്ക് നാല് സ്ഥാനാർഥികളുണ്ടെന്ന പ്രത്യേകതയുണ്ട്. പൊന്നാനിയിൽ മത്സരിക്കാൻ സി.പി.എം നിയോഗിച്ച മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ കെ.എസ്. ഹംസ ചെരുതുരുത്തി സ്വദേശിയാണ്. ലോക്സഭയിലേക്ക് കന്നിയങ്കമാണെങ്കിലും പാർലമെന്ററി രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ളവർ, തെരഞ്ഞെടുപ്പുകളിൽ തോൽവി അറിയാത്തവർ, ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തിയവർ, ലഭിച്ച പദവികളിൽ സ്വന്തം അടയാളപ്പെടുത്തൽ നടത്തിയവർ...പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നേരിട്ട് നിയന്ത്രിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയിലൂടെ ദേശീയ രാഷ്ട്രീയം കാത് കൂർപ്പിക്കുന്ന തൃശൂരിലെ മന്ത്രിയുടെയും മുൻമന്ത്രിമാരുടെയും ജാഡകളില്ലാതെ മൂന്നുപേരെ പലയിടങ്ങളിലും കാണാം.
മുന്നറിയിപ്പും മുഖവുരകളുമില്ലാതെ ഏത് സമയത്തും സമീപിക്കാം. മന്ത്രിപദവിയിലും എം.എൽ.എ ആയിരുന്നപ്പോഴും മികച്ച പ്രവർത്തനമെന്ന് ശ്രദ്ധനേടുകയും രാഷ്ട്രീയത്തിനതീതമായ ജനകീയതയുമാണ് ഇടത് സ്ഥാനാർഥികളെ വ്യത്യസ്തരാക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് ജീവൻമരണ പോരാട്ടമാണ്. ചുവപ്പ് ഉരുക്കുകോട്ടയായ ആലത്തൂരടക്കം 2019ൽ നഷ്ടപ്പെട്ട തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലെ പരാജയത്തിന്റെ ഷോക്ക് ഇടതുമുന്നണിക്ക് ഇന്നും വിട്ടിട്ടില്ല. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിലില്ല. തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ തിരയാതെ അനുഭവസ്ഥരെയും ജനകീയരുമായ മുൻഗാമികളെ തന്നെ കളത്തിലിറക്കിയതിന് പിന്നിലും ഇത് തന്നെയാണ് ലക്ഷ്യം.
കൊടകര, പുതുക്കാട് മണ്ഡലങ്ങളിൽ നിന്നായി മൂന്ന് തവണയാണ് സി. രവീന്ദ്രനാഥ് നിയമസഭയിലെത്തിയത്. അതിൽ ഒരുതവണ വിദ്യഭ്യാസ മന്ത്രിയും. കോൺഗ്രസിന്റെ അതികായൻ കെ.പി. വിശ്വനാഥനെ പരാജയപ്പെടുത്തി തുടങ്ങിയ വിജയം. ഓരോ തവണയും ഭൂരിപക്ഷം ഉയർന്നു. പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും മന്ത്രിയായപ്പോഴും മണ്ണിനോടും മനുഷ്യനോടും ചേർന്ന് നിൽക്കുന്ന സൗമ്യതയാണ് കെ. രാധാകൃഷ്ണൻ. 1991ൽ ജില്ല പഞ്ചായത്തിന്റെ ആദ്യ രൂപമായ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽനിന്ന് തുടങ്ങി 1996 മുതൽ 2011 വരെ നിയമസഭയിൽ മന്ത്രിയായും സ്പീക്കറായും തിളങ്ങി. ഇടവേളക്ക് ശേഷം 2016ൽ വീണ്ടും നിയമസഭയിൽ എത്തിയത് ജില്ലയിലെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ്. അതിൽ വീണ്ടും മന്ത്രിപദവി. 2006 മുതൽ ചേർപ്പ്, കയ്പമംഗലം, തൃശൂർ നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലെത്തിയ സുനിൽകുമാർ ഓരോ തവണയുമെത്തിയത് അപ്രതീക്ഷിത ഭൂരിപക്ഷത്തിലൂടെ.
2016ൽ ഒന്നാം പിണറായി സർക്കാരിൽ കൃഷിമന്ത്രി. പ്രളയകാലത്തും കോവിഡ് കാലത്തും മുന്നിട്ടിറങ്ങിയ ജനകീയ പ്രവർത്തന ശൈലി. മുണ്ട് മാടിക്കുത്തി, വീട്ടകങ്ങളിൽ കയറിയിറങ്ങി അവരിലൊരാളാവുന്ന ജനകീയതയും രാഷ്ട്രീയവും മത-സാമുദായികതകളില്ലാത്ത ബന്ധങ്ങളും സുനിൽകുമാറിന്റെ പ്രത്യേകതയാണ്. ഇത്തവണ തൃശൂരിനെ പിടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് സി.പി.എം, സി.പി.ഐ നേതാക്കൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ കണക്കുകളും പുതിയ രാഷ്ട്രീയസാഹചര്യവുമടക്കം വിലയിരുത്തിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടത് സ്ഥാനാർഥികളുടെ റോഡ് ഷോ കൂടി നടത്തിയതിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി ഏറെ മുന്നിലായി. കോർപറേഷൻ പരിസരത്തുനിന്നും വി.എസ്. സുനിൽകുമാറുമായുള്ള റോഡ് ഷോ നഗരം ചുറ്റി. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ്, ഇടതുമുന്നണി കൺവീനർ കെ.വി. അബ്ദുൾഖാദർ, ഇടതുമുന്നണി നേതാക്കൾ നേതൃത്വം നൽകിയ റോഡ്ഷോയിൽ ഇടതുമുന്നണിയുടെ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.