കൽപറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽ.ഡി.എഫ്. ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.
പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തിയതാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് ആരോപണം. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചതായും ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യു.ഡി.എഫ് സ്ഥാനാർഥി നടത്തിയതെന്നും പരാതിയിൽ പറയുന്നു.
വയനാട്ടിൽ നാളെയാണ് വോട്ടെടുപ്പ്. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പ്രിയങ്ക അഞ്ചുലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് അവകാശവാദം. രണ്ട് കമ്പനി കേന്ദ്രസേനയേയും മൂന്ന് കമ്പനി സായുധ ബറ്റാലിയനേയും സുരക്ഷക്കായി മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്. 2500 പൊലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. 26 ബൂത്തുകളെ പ്രശ്ന സാധ്യത ബൂത്തുകളായി പരിഗണിച്ച് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഏറനാട്ടിൽ അഞ്ചും നിലമ്പൂരിൽ 17 ഉം വണ്ടൂരിൽ നാലും പ്രശ്നസാധ്യത ബൂത്തുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.