തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ വികസന പദ്ധതികളിലടക്കം കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ പ്രതിരോധിക്കാൻ മന്ത്രിമാരെ അണിനിരത്തി പ്രക്ഷോഭത്തിന് എൽ.ഡി.എഫ് നീക്കം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അതിരുവിടുന്നതിൽ പ്രതിഷേധിച്ച് നവംബർ 16ന് ജനകീയ പ്രതിരോധം തീർക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പെങ്കടുക്കും. 25,000 കേന്ദ്രങ്ങളിലെ പ്രതിഷേധത്തിൽ ജനപ്രതിനിധികളും മുതിർന്ന നേതാക്കളും പെങ്കടുക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ മാധ്യമങ്ങളോട് വിശദീകരിച്ചു. ഒാരോ കേന്ദ്രത്തിലും നൂറ് പ്രവർത്തകരെങ്കിലും പെങ്കടുക്കും.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെക്കുറിച്ച് വിശദീകരിച്ചത്. സർക്കാറിനെതിരെ ഒരുകാര്യവും പറയാനില്ലാതെവന്നതോടെ പ്രതിപക്ഷം ഒാരോ വികസനപദ്ധതിയിലും അഴിമതി ആരോപിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കെ-ഫോൺ, ഹൈടെക് സ്കൂൾ ക്ലാസ് നിർമാണം എന്നിവയിലെ ആരോപണം ഉദാഹരണമായി എടുത്തുപറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നില്ല. എന്നാൽ, അവർ പരിധിവിട്ട് വികസനപദ്ധതികളിൽ ഇടപെടുന്നു. ഫയലുകൾ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എൽ.ഡി.എഫിെൻറ സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കാനും തീരുമാനിച്ചു. ഇതിന് കൺവീനർ അധ്യക്ഷനായ സമിതി രൂപവത്കരിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കാനുള്ള ഉപസമിതി 17ന് ചേരും.നാമനിർദേശപത്രിക സമർപ്പണത്തോടൊപ്പമാകും സംസ്ഥാനതല പ്രകടനപത്രിക പുറത്തിറക്കുക. ഒപ്പം പ്രാദേശികതല പ്രകടനപത്രികകളും പുറത്തിറക്കും. തീർപ്പാകാത്ത സീറ്റ് തർക്കങ്ങൾ മാത്രം കൺവീനറുമായി ചർച്ച ചെയ്ത് പരിഹരിക്കും. വാർഡ് തലം വരെയുള്ള പ്രചാരണസമിതികള് 21നകം രൂപവത്കരിക്കും. എറണാകുളത്തും പാലക്കാടും തഴഞ്ഞതിൽ എൽ.ജെ.ഡി കൺവീനറെ പ്രതിഷേധം അറിയിച്ചു. ആലപ്പുഴ, വയനാട് അടക്കം ജില്ലകളിലെ സി.പി.െഎ കടുംപിടിത്തം അവർ യോഗശേഷം കാനം രാജേന്ദ്രെൻറ ശ്രദ്ധയിൽപെടുത്തി. ജെ.ഡി- എസും പരാതി ഉന്നയിച്ചു. കേരളാ കോൺഗ്രസ് എമ്മിൽനിന്ന് ജോസ് കെ. മാണിയും സ്റ്റീഫൻ ജോർജുമാണ് പെങ്കടുത്തത്. തങ്ങളുടെ രാഷ്ട്രീയനിലപാട് ഉൾക്കൊണ്ട് മുന്നണിയിൽ ഉൾപ്പെടുത്തിയതിൽ നന്ദി രേഖപ്പെടുത്തിയായിരുന്നു ജോസ് കെ. മാണിയുടെ കന്നി മുന്നണി യോഗത്തിലെ പ്രസംഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.