പോക്സോ പ്രതി കെ.വി ശശികുമാർ രാജിവെച്ച സീറ്റിൽ എൽ.ഡി.എഫിന് ജയം

മലപ്പുറം: പോക്സോ കേസ് പ്രതി കെ.വി.ശശികുമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവു വന്ന മലപ്പുറം നഗരസഭ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം. മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജയിച്ചത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ.വിജയലക്ഷ്മിയാണ് സിറ്റിങ് സീറ്റ് നിലനിർത്തിയത്.

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടിനിടെ ഒട്ടേറെ വിദ്യാര്‍ഥികളെ അധ്യാപകന്‍ കെ.വി ശശികുമാര്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ഥജനികള്‍ പരാതി നല്‍കിയത്. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്‌മെന്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ സി.പി.എം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ 11ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുള്ള നഗരസഭാംഗമായിരുന്നു. പീഡന പരാതികള്‍ ഉയര്‍ന്നതോടെ പാര്‍ട്ടി നിര്‍ദേശ പ്രകാരം നഗരസഭാഗത്വം രാജിവച്ചു.

Tags:    
News Summary - LDF wins the seat where POCSO accused KV Sasikumar resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.