എൽ.ഡി.എഫ് പിന്തുണ പിൻവലിച്ചു; തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് രാജിവെച്ചു

തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് രാജി വെച്ചു. അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചുകൊണ്ടുള്ള കത്ത് സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയി അയക്കുകയായിരുന്നു. ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കാൻ ഉള്ള എൽ.ഡി.എഫ് യോഗ തീരുമാനത്തിന് പിന്നാലെയാണ് രാജിവെച്ചത്. ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കുന്നതായി കാട്ടി എൽ.ഡി.എഫ് നേതൃത്വം തിങ്കളാഴ്ച ഉച്ചയോടെ നഗരസഭ സെക്രട്ടറി മുമ്പാകെ കത്ത് നൽകാൻ തീരുമാനിച്ചിരുന്നു. ഈ കത്ത് നൽകും മുമ്പായി ശാന്തമ്മ വർഗീസ് രാജിവെക്കുകയായിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്ന ശാന്തമ്മ വർഗീസ് എട്ടുമാസം മുമ്പാണ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിന്റെ പിന്തുണയോടെ നഗരസഭ അധ്യക്ഷ ആയത്. 39 അംഗ കൗൺസിലിൽ എൽ.ഡി.എഫ് 16,യു.ഡി.എഫ് 16, ബി.ജെ.പി ആറ്, എസ്.ഡി.പി.ഐ ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില. കേരള കോൺഗ്രസ് സംഘമായിരുന്ന ശാന്തമ്മ വർഗീസ് എട്ടുമാസം മുമ്പ് നടന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചു.

എൻ.ഡി.എ സ്വതന്ത്രനായിരുന്ന രാഹുൽ ബിജു യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് ഇരു മുന്നണികൾക്കും 16 സീറ്റ് വീതം ആയത്. തുടർന്ന് ടോസിങ്ങിലൂടെയാണ് ശാന്തമ്മ വർഗീസ് ചെയർപേഴ്സൺ ആയും യു.ഡി.എഫിലെ ജോസ് പഴയിടം വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിയും ചട്ടലംഘനവും പൊതുജനമധ്യത്തിൽ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ സഹപ്രവർത്തകരെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നതായി ശാന്തമാ വർഗീസ് ആരോപിച്ചു. നഗരസഭയിൽ തന്റെ പ്രതീക്ഷക്കൊത്ത് വികസന പ്രവർത്തനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ധൂർത്ത് തടയാൻ കഴിഞ്ഞതായും ശാന്തമാ വർഗീസ് പറഞ്ഞു.

Tags:    
News Summary - LDF withdraws support; Thiruvalla Municipality Chairperson Shanthamma Varghese resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.