തിരുവനന്തപുരം: നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിമോഹ വിഷയത്തിൽ ശശി തരൂരിനെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. കെ. കരുണാകരൻ സെന്‍ററിന്‍റെ നിർമാണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ തരൂരിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു നേതാക്കളുടെ വിമർശനം. നിയമസഭ സ്ഥാനാർഥിത്വം, മുഖ്യമന്ത്രിപദം എന്നിവ സംബന്ധിച്ച തരൂരിന്‍റെ സ്വന്തംനിലയിലെ പ്രഖ്യാപനങ്ങൾക്കെതിരെ കഴിഞ്ഞദിവസങ്ങളിൽ നടന്ന കെ.പി.സി.സി നേതൃയോഗങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
എന്ത് പറയാനുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ വേണമെന്ന് വിമർശനത്തിന് തുടക്കമിട്ട് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ ചടങ്ങിൽ വ്യക്തമാക്കി. കോൺഗ്രസുകാർ പരസ്പരം പറയുന്നത് മാധ്യമങ്ങളിൽ ചർച്ചയാവാൻ ഇടയാക്കരുത്. പാർട്ടി കാര്യങ്ങളിൽ പുറത്തുപറയേണ്ടതും അല്ലാത്തതും ഏതെന്ന് എല്ലാവരും ചിന്തിക്കണം.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ പാർട്ടി പ്രസിഡന്‍റുമായി ആലോചിച്ചാണെന്നും വേണുഗോപാൽ പറഞ്ഞു.
തയ്ച്ചുവെച്ച കോട്ട് ഊരിവെക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷവിമർശനം. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിത്.
നാലുവർഷം കഴിഞ്ഞ് രാജ്യത്തും കേരളത്തിലും ആരൊക്കെ എന്തൊക്കെയാകുമെന്ന് ആർക്കുമറിയില്ല. അതിനാൽ ഞാൻ ഇന്നത് ആകുമെന്ന് ആരും ഇപ്പോൾ പറയേണ്ട. കോട്ട് തയ്ച്ചുവെച്ചിട്ടുള്ളവർ അത് ഊരിവെച്ച് പാർലമെൻറ് തെരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങൾ ആർക്കും ആഗ്രഹിക്കാമെങ്കിലും അത് പറഞ്ഞുനടക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നേതാക്കൾക്ക് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭയിലേക്ക് പരമാവധി സീറ്റുകളിൽ ജയിച്ചില്ലെങ്കിൽ ബാക്കി തെരഞ്ഞെടുപ്പുകളെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
സ്ഥാനാർഥികളെ ഹൈകമാൻഡാണ് തീരുമാനിക്കുക. അഭിപ്രായം പാർട്ടിവേദിയിൽ മാത്രം പറഞ്ഞാൽ മതി. നേതൃയോഗത്തിന് മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് മൊബൈൽ ഫോണുകൾ വാങ്ങിവെച്ചിട്ടും എല്ലാക്കാര്യങ്ങളും പത്രത്തിൽ വന്നതും മുരളീധരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.