കോഴിക്കോട്: കോഴിക്കോട്ട് തുടക്കമിട്ട കോൺഗ്രസിലെ ശശിതരൂർ വിവാദത്തിന് ഇവിടെത്തന്നെ ശമനം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുത്ത കോൺഗ്രസ് ഭവൻ തറക്കല്ലിടൽ ചടങ്ങിലാണ് തർക്കം അവസാനിപ്പിച്ച് ഒരുമയോടെ നീങ്ങാൻ ആഹ്വാനം. തെരഞ്ഞെടുപ്പാകണം കോൺഗ്രസിലെ ഇനിയുള്ള ചർച്ചയെന്നും മറ്റു കാര്യങ്ങളൊക്കെ വിടണമെന്നുമായിരുന്നു മുൻനിര നേതാക്കളുടെ പൊതുവായ ആഹ്വാനം. അതേസമയം, പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെയാണ് കോൺഗ്രസിൽ പൊട്ടലും ചീറ്റലും തുടങ്ങിയത്. ഡി.സി.സി അറിയാതെ തരൂരിന്റെ പരിപാടികൾ എം.കെ. രാഘവന്റെ നേതൃത്വത്തിൽ നടന്നത് വിഭാഗീയപ്രവർത്തനമാണെന്ന വിലയിരുത്തലുണ്ടായി. അതിന്റെ പേരിൽ നേതാക്കൾ കൊമ്പുകോർത്തു. നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ പരസ്യപ്രസ്താവന നടത്തി. കെ. മുരളീധരൻ തരൂരിനും രാഘവനും അനുകൂലമായ നിലപാടെടുത്തു. വിഷയത്തിൽ മുരളീധരൻ നിരന്തര പ്രസ്താവനകൾ നടത്തിയതോടെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും പ്രതികരിക്കേണ്ടിവന്നു. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി കോഴിക്കോട് ഡി.സി.സിയുടെ നിലപാടാണ് ഈ വിഷയത്തിൽ ശരിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോഴിക്കോട്ട് നേതാക്കൾ ഒരുമിച്ച് ഐക്യത്തിന് ആഹ്വാനം നൽകുകയായിരുന്നു. രാഘവന് പരിഭവം മാറിയില്ലെങ്കിലും നേതൃത്വത്തെ അനുസരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ വിവേചനം പാടില്ലെന്നാണ് രാഘവന്റെ അഭിപ്രായം. കോഴിക്കോട്ടെ കോൺഗ്രസിൽ വലിയ ഉണർവ് പ്രകടമാക്കുന്നതായിരുന്നു ഡി.സി.സി കെട്ടിട ശിലാസ്ഥാപന ചടങ്ങ്. പ്രവർത്തകരുടെ വലിയ സാന്നിധ്യമാണ് ശ്രദ്ധേയമായത്.
കെ.പി.സി.സി തീർക്കും -ആന്റണി
തിരുവനന്തപുരം: ശശി തരൂരിന്റെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട വിവാദം കെ.പി.സി.സി ഭംഗിയായി കൈകാര്യം ചെയ്യുന്നെ് എ.കെ. ആന്റണി. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
പരാതി നോക്കട്ടെ -താരീഖ് അൻവർ
കോഴിക്കോട്: ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്റെ പരാതി പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ശനിയാഴ്ചയാണ് അദ്ദേഹം പരാതി അയച്ചകാര്യം പറഞ്ഞത്. താൻ ഓഫിസിലെത്തിയ ശേഷം പരിശോധിക്കും. അതേസമയം, നേതാക്കൾ പരിപാടി നിശ്ചയിക്കേണ്ടത് ഡി.സി.സി അറിഞ്ഞുവേണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരീഖ് അൻവർ.
വഷളാക്കിയത് മാധ്യമങ്ങൾ -ഹസൻ
തിരുവനന്തപുരം: ശശി തരൂർ വിഷയം വഷളാക്കിയത് മാധ്യമങ്ങളാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. എ.ഐ.സി.സിയോ കെ.പി.സി.സിയോ അദ്ദേഹത്തോട് അനീതി കാട്ടിയിട്ടില്ല. വിലക്കിയിട്ടില്ല. മലബാർ പര്യടനത്തിൽ ഒരു വിവാദവുമില്ല. അത് മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. അദ്ദേഹത്തെ മുന്നിൽനിർത്തിയാണ് തെരഞ്ഞെടുപ്പുകൾ പാർട്ടി നേരിട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയത് തരൂരാണ്. കോഴിക്കോട്ടെ പരിപാടി വിലക്കാൻ പാടില്ലായിരുന്നു. അദ്ദേഹവും പാർട്ടിചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമായിരുന്നു. അതിൽ ഒരച്ചടക്കലംഘനവും തരൂരിനെതിരെ ഉന്നയിച്ചിട്ടില്ല. അച്ചടക്കനടപടി എന്ന പരാമർശം തരൂരിനെ ലക്ഷ്യമിട്ടല്ല. അത് എല്ലാ പ്രവർത്തകർക്കും ബാധകമെന്ന് വ്യക്തമാക്കിയതാണ് -ഹസൻ പറഞ്ഞു.
അച്ചടക്കം: ഏറ്റക്കുറച്ചിൽ പാടില്ല -രാഘവൻ
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ അനുസരിക്കാമെന്നും പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാവരുതെന്നും എം.കെ. രാഘവൻ എം.പി. അച്ചടക്കമെന്തെന്ന് നിർവചനം വേണം. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ചുപോവേണ്ടത് ആവശ്യമാണ്. പാർട്ടി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള നേതൃപരമായ പങ്ക് എല്ലാവരും വഹിക്കണം.
കേരളത്തിന്റെ പൊതുസാഹചര്യം പഠിക്കണം. തരൂരിന്റെ പരിപാടി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് അവസാനനിമിഷം പിന്മാറിയത് സംബന്ധിച്ച് എ.ഐ.സി.സി സെക്രട്ടറി താരീഖ് അൻവറിനോട് സംസാരിച്ചെന്നും ഡൽഹിയിൽ എത്തിയശേഷം പരാതി പരിശോധിച്ച് മറുപടിപറയാമെന്ന് അറിയിച്ചതായും രാഘവൻ പിന്നീട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.