കോട്ടയം: ഫലപ്രഖ്യാപനത്തിനുപിന്നാലെ വോട്ടുചോർച്ചയിൽ എല്‍.ഡി.എഫിലും എന്‍.ഡി.എയിലും അസ്വസ്ഥതകൾ. വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം നിയമസഭ മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയാണ് എല്‍.ഡി.എഫിൽ ചർച്ചയാകുന്നതെങ്കിൽ ബി.ഡി.ജെ.എസിന്റെ അതൃപ്തിയും പൂഞ്ഞാറുമാണ് എന്‍.ഡി.എയിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നത്.
തോമസ് ചാഴിക്കാടന്റെ പരാജയത്തിന് കാരണം സി.പി.എം വോട്ടുകളുടെ ചോർച്ചയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. ബി.ഡി.ജെ.എസ് വഴി വലിയതോതിൽ വോട്ടുചോര്‍ന്നുവെന്ന് കേരള കോണ്‍ഗ്രസ് വിശ്വസിക്കുന്നു. 2019ല്‍ വി.എന്‍. വാസവൻ വൈക്കത്ത് 9220 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കിൽ ഇത്തവണ തോമസ് ചാഴികാടന് ലഭിച്ചത് 5196 വോട്ടുകളുടെ മുൻതൂക്കം മാത്രമാണ്. 2019ല്‍ വാസവന് ഏറ്റുമാനൂരില്‍ 8445 വോട്ടിന് പിന്നിലായിരുന്നുവെങ്കില്‍ ഇത്തവണ 9610 വോട്ടുകളായി. 2019ല്‍ കോട്ടയത്ത് വാസവന് 13967 വോട്ടിനായിരുന്നു പിന്നിലെങ്കില്‍ ഇത്തവണ 14840 ആയി. ഈ മൂന്നു മണ്ഡങ്ങളിലും സി.പി.എം. വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കേരള കോണ്‍ഗ്രസ് പറയുന്നത്. മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഇടതുമുന്നണി പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഏറ്റുമാനൂരിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടത് കേന്ദ്രങ്ങൾ കണക്കുകൂട്ടിയെങ്കിലും 9610 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് യു.ഡി.എഫിനാണ്.
ഏറ്റുമാനൂർ മണ്ഡലത്തിന്റെ ഭാഗമായ നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽനിന്ന് തുഷാറിന് മികച്ച പിന്തുണയും ലഭിച്ചു. മന്ത്രി വി.എന്‍. വാസവന് പത്തനംതിട്ടയുടെ ചുമതലയുമായി പോയതും ഇതിന് കാരണമായി കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വാസവൻ പോയതോടെ സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന നേതാവില്ലാതായി. വാസവന്റെ അസാന്നിധ്യം ബി.ഡി.ജെ.എസ് മുതലെടുത്തതായും ഇവർ പറയുന്നു. ഇത് തള്ളി മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കേരള കോൺഗ്രസ് നേതൃത്വം മുറുമുറുപ്പിലാണ്.
എസ്.എൻ.ഡി.പി നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ശക്തമായി രംഗത്തുവന്നതും പരാജയത്തിന് കാരണമായെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. കെ.എം. മാണി ചെയർമാനായിരുന്ന ഘട്ടത്തിലും ഇപ്പോഴും എസ്.എൻ.ഡി.പി നേതൃത്വവുമായി മികച്ച ബന്ധമാണ് കേരള കോൺഗ്രസിനുള്ളത്. എന്നാൽ, നിർണായക തെരഞ്ഞെടുപ്പിൽ ഈ ബന്ധം മറന്ന് എസ്.എൻ.ഡി.പി നേതൃത്വം പ്രവർത്തിച്ചതായും ഇവർ കുറ്റപ്പെടുത്തുന്നു.
അതേസമയം, ഇടത് വോട്ടുകൾ ചോർന്നുവെന്ന് പറയുന്നവർ കടുത്തുരുത്തിയിലും പാലായിലും പിന്നിൽ പോയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗം പറയുന്നത്. പാലായില്‍ കേരള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ചാഴികാടന് പിന്നിലായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എൻ.ഡി.എയിലും അമർഷം നിറയുകയാണ്. പ്രതീക്ഷിച്ച വോട്ട് കോട്ടയത്ത് ലഭിക്കാത്തതിന്റെ നീരസത്തിലാണ് ബിഡി.ജെ.എസ്. ബി.ജെ.പിയെയാണ് അവർ പ്രതികൂട്ടിലാക്കുന്നത്. പൂഞ്ഞാറിനെ ചൊല്ലിയും അസ്വസ്ഥതകൾ നിറയുന്നുണ്ട്. പാർട്ടിയിലേക്ക് എത്തിയതോടെ പി.സി. ജോര്‍ജിന്റെ മേഖലയിൽ ബി.ജെ.പി കൂടുതൽ വോട്ട് പ്രതീക്ഷിച്ചിരുന്നു. ഷോൺ ജോർജിലുടെ ബി.ജെ.പിക്ക് ജില്ല പഞ്ചായത്തിൽ പ്രാതിനിധ്യമായത് ഗുണകരമാകുമെന്നും ഇവർ കണക്കുകൂട്ടി. എന്നാല്‍, ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 3937 വോട്ട് പൂഞ്ഞാറില്‍ കുറഞ്ഞു.
പിന്നാലെ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് രംഗത്തെത്തുകയും ചെയ്തു. അടുത്തിടെയാണ് ഇരുവരും ബി.ജെ.പിയില്‍ എത്തിയതെങ്കിലും അനില്‍ ദേശീയ നേതാവും പി.സി. ജോര്‍ജ് സംസ്ഥാന നേതാവുമാണ്. ഇതിൽ പാർട്ടി ഇടപെടലുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.