തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അടിസ്ഥാന തൊഴിൽ വേതനം പോലും നൽകാൻ തയാറാവാതെ പിണറായി സർക്കാർ തങ്ങളുടെ തൊഴിലാളിവിരുദ്ധ നയം നടപ്പാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പറഞ്ഞു. വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ ഉണ്ടായിട്ടും സർക്കാർ തൊഴിലാളികളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള തുക പോലും നൽകാതെ ഒളിച്ചു കളിക്കുകയാണ്. ശമ്പളത്തിന് പകരം മൂന്നിൽ രണ്ട് തുകയും വൗച്ചറിലൂടെ നൽകാമെന്ന കോടതി പ്രഖ്യാപനം തൊഴിലാളികൾക്ക് ഒരു നിലക്കും ഗുണം ചെയ്യുന്നതല്ല. വിവിധ ആവശ്യങ്ങളുമായി ജീവിക്കുന്ന തൊഴിലാളികൾക്ക് കൂപ്പണങ്ങൾ നൽകുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല അവരുടെ പ്രതിസന്ധി. ആഘോഷ വേളകളിൽ പോലും തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാവാതെ പിണറായി സർക്കാർ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുകയാണ്.
ജനങ്ങളുടെ ക്ഷേമമുറപ്പാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടത് സർക്കാർ കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന വലിയ പൊതുമേഖലാ സംവിധാനമാണ് കെ.എസ്.ആർ.ടി.സി. എന്നാൽ അതിനെ പൂർണമായി തകർക്കുന്നതിനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ വകവെച്ചു നൽകുന്നതിൽ സർക്കാരിന്റെ ലാഭമല്ല മാനദണ്ഡമാക്കേണ്ടത്. ശമ്പളയിനത്തിൽ നൽകാനുള്ള മുഴുവൻ തുകയും എത്രയും വേഗം കൈമാറുക, ബോണസ് തീയതി പ്രഖ്യാപിക്കുക തുടങ്ങിയ അടിയന്തരമായ ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.