പാലക്കാട്: ഗുണനിലവാരം കുറഞ്ഞ പാൽ ജില്ലയിൽ വ്യാപകമായി വിതരണം ചെയ്യുന്നതായി പാൽ ഗുണനിലവാര നിയന്ത്രണ വകുപ്പിെൻറ പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് നഗരത്തിൽ വിതരണം ചെയ്യുന്ന പാലിെൻറ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരമില്ലെന്ന് വ്യക്തമായത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ പ്രവർത്തിക്കുന്ന ഓങ്കോ, കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിക്കുന്ന കൗമ എന്നീ കമ്പനികളുടെ പാലിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതെന്ന് പാൽ ഗുണനിലവാര ജില്ല അസി. കമീഷണർ ജെ.എസ്. ജയസുശീൽ പറഞ്ഞു. ഈ കമ്പനികളുടെ പാലിൽ കൊഴുപ്പിതര പദാർഥങ്ങളുടെ അളവിൽ കുറവ് കണ്ടെത്തി.
ഭക്ഷ്യസുരക്ഷ നിയമപ്രകാരം പാലിൽ നിശ്ചിത അളവിൽ കൊഴുപ്പും കൊഴുപ്പിതര പദാർഥങ്ങളും വേണം. 8.5 ശതമാനം കൊഴുപ്പിതര പദാർഥങ്ങൾ പാലിൽ അടങ്ങിയിരിക്കണം. എന്നാൽ, ഈ കമ്പനികളുടെ പാൽ സാമ്പിളിൽ 6.9 മുതൽ എട്ട് ശതമാനം കൊഴുപ്പിതര പദാർഥങ്ങൾ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് പരിശോധനയിൽ തെളിഞ്ഞു. പരിശോധന ഫലം ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് നടപടികൾ എടുക്കേണ്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, പാൽ ഗുണനിലവാരം നിയന്ത്രണ വകുപ്പിെൻറ ലബോറട്ടറിക്ക് അംഗീകാരമില്ലാത്തതിനാൽ പാൽ സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് വീണ്ടും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമേ നടപടികൾ സ്വീകരിക്കൂവെന്ന് ഭക്ഷ്യസുരക്ഷ ജില്ല അധികൃതർ പറഞ്ഞു. ഇതിനായി പാൽ സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിലെ ലബോറട്ടറികളിലേക്ക് അയക്കും. പാലക്കാട് ജില്ലയിൽ ഹോട്ടലുകളിലും ചായക്കടകളിലും ഏറ്റവും കൂടുതൽ വിൽക്കുന്നത് ഈ രണ്ട് കമ്പനികളുടെ പാൽ ആണ്. പാൽ ഗുണനിലവാര പരിശോധന ജില്ലയിൽ തുടരുകയാണ്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായി പാൽ കടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പാലക്കാട് ജില്ലാതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. മീനാക്ഷിപുരത്തെ പാൽ ചെക്പോസ്റ്റിന് പുറമെ വാളയാറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയും
തിങ്കളാഴ്ച തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.