രാമായണം ആദ്യം ഒാർമയിൽ കൊണ്ടുവരുന്ന ദൃശ്യമിതാണ്: ശ്രീരാമനും സീതയും വലത്തും ഇടത്തുമായി നിൽക്കുന്നു. അരികിൽ രാമസോദരനായ ലക്ഷ്മണൻ. ഒരിടത്ത് മാറിനിന്ന് തൊഴുതുകൊണ്ടിരിക്കുന്ന ഹനുമാൻ. ഇതിന് ശാസ്ത്രീയമായ അർഥതലങ്ങൾ ഉണ്ട്. മഹത്തായ ജീവിതം എങ്ങനെ നയിക്കണമെന്ന് തത്ത്വചിന്താപരമായി നമുക്കിവിടെ പറഞ്ഞുതരുന്നു. കർമോന്മുഖനായ മനുഷ്യനെയാണ് രാമൻ പ്രതിനിധാനംചെയ്യുന്നത്. ലക്ഷ്മിയുടെ അവതാരമായ സീതയാണ് മറുവശത്ത്. നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ശക്തിവിശേഷമാണ് ലക്ഷ്മി. നമ്മുടെ ഇടതുഭാഗ മസ്തിഷ്കം ലക്ഷ്മിയേയും വലതു മസ്തിഷ്കം രാമനേയും പ്രതിനിധാനം ചെയ്യുന്നു. ഇവരോട് ചേർന്നുനിൽക്കുന്ന ലക്ഷ്മണൻ കാലത്തെ പ്രതിനിധാനം ചെയ്യുന്നു. സമയത്തോട് ചേർന്നല്ലാതെ നമുക്ക് നിലനിൽപില്ല. എന്തിനും സമയം വേണം. അത് അനാദിയാണ്. എവിടെനിന്ന് തുടങ്ങി എന്നോ എവിടെ അവസാനിക്കുന്നു എന്നോ പറയാൻ കഴിയാത്ത സർപ്പാകൃതിയാണ് കാലം. ഇതിനെയാണ് പുരാണത്തിൽ അനന്തൻ എന്ന് വിളിക്കുന്നത്. ഇനി ഹനുമാനെ കൂടി ചേർക്കുേമ്പാൾ ജീവിതചിത്രം വ്യക്തമാകുന്നു. അഹങ്കാരമില്ലാത്ത അവസ്ഥയെയാണ് ഹനുമാൻ പ്രതിനിധാനം ചെയ്യുന്നത്. അഹം എന്നത് ഞാനെന്ന ഭാവമാണ്. അതിന് ആകാരമുണ്ടാകുേമ്പാൾ അഹങ്കാരമാകുന്നു. ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന ബോധവും തിരിച്ചറിവും ഹനുമാന് ഉണ്ട്. ഇൗ നാലു ഘടകങ്ങളും ഒത്തുചേർന്നാൽ നമ്മുടെ ജീവിതം വിജയിക്കും. ശാന്തിയും സമാധാനവും ഉണ്ടാകും.
വാല്മീകിക്കുശേഷം നിരവധി പേർ രാമായണ കഥ അവരുടേതായ രീതിയിൽ എഴുതി. അതിൽ മനുഷ്യമഹത്ത്വത്തെ ഉയർത്തിക്കാണിക്കുന്ന കഥകളും തത്ത്വങ്ങളും നിലനിൽക്കുന്നു. മഹത്ത്വമില്ലാത്തതിനെ കാലം അവഗണിക്കുന്നു. തുഞ്ചത്തെഴുത്തച്ഛെൻറ അധ്യാത്മരാമായണമാണ് മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്നത്. അത് കഥകൾ മാത്രമല്ല. കഥകളിലൂടെ നിരവധി തത്വങ്ങൾ നമുക്ക് പറഞ്ഞുതരുന്നു. രാമായണത്തിലെ ഉപദേശങ്ങൾ മനുഷ്യരാശിയെ സ്വാധീനിക്കുന്നു. വാല്മീകി മഹർഷി പണ്ട് രത്നാകരൻ എന്നു പേരുള്ള കാട്ടാളനായിരുന്നു എന്നു പറയുന്നതിെൻറ പിറകിൽപോലും തത്ത്വശാസ്ത്രപരമായ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹത്തായ അറിവുകളുടെ രത്നങ്ങൾ ഒളിപ്പിച്ചുവെച്ച ആകാരമാണ് നമ്മുടേത്. നാമെല്ലാം രത്നാകരന്മാരാണെങ്കിലും സത്സംഗത്തിലൂടെ അകത്തെ രത്നങ്ങൾ പ്രകാശിക്കുന്നു. സപ്തർഷികളെ കണ്ടുമുട്ടിയപ്പോൾ രത്നാകരന് മാറ്റങ്ങൾ വന്നു.
രാമെൻറ മഹത്ത്വം തിരിച്ചറിഞ്ഞത് ഗുഹനാണ്. നിഴലും വെളിച്ചവും ഒരുപോലെ നിലനിൽക്കുന്ന സ്ഥലത്തെ ഗുഹ എന്ന് പറയുന്നു. ഇവിടെ വെളിച്ചമെന്നത് പരമാത്മാവാണ്. നിഴൽ ഭൗതിക ജീവിതമാണ്. അത് മായയാണ്. ജീവാത്മാ പരമാത്മാ ഏകീകരണത്തിെൻറ പ്രതീകമായ ഗുഹ നമ്മുടെ ഹൃദയാകാശമാണ്. ഗുഹൻ രാമനെ തിരിച്ചറിഞ്ഞു എന്ന് പറയുന്നതിെൻറ ആന്തരികാർഥം ഇതാണ്. അറിവുകളുടെ സ്വർണഖനിയാണ് രാമായണം എന്നതിനാൽ നിരവധി കോണുകളിലൂടെ അതിനെ വ്യാഖ്യാനിക്കാം. നമ്മുടെ ആലോചനകൾക്കും ഭാവനകൾക്കും ചിന്തകൾക്കും അപാരമായ ശക്തിയാണുള്ളത്. ഇവ നമ്മിൽനിന്ന് പുറപ്പെടുവിക്കുന്ന മാനസിക ഉൗർജ തരംഗങ്ങൾ അവക്കു സമാനമായ ചിന്താതരംഗങ്ങളെ ആകർഷിച്ച് കൂടുതൽ ശക്തിയായി നമ്മിലേക്കുതന്നെ തിരിച്ചെത്തും എന്നാണ് ആകർഷണ നിയമം പറയുന്നത്. ദുഃഖിച്ചുകൊണ്ടിരുന്നാൽ കൂടുതൽ ദുഃഖിക്കേണ്ടിവരും. നമുക്ക് കർമോന്മുഖരാവാൻ രാമായണത്തിലെ ആശയങ്ങൾ ശക്തിതരുന്നു.
രാമെൻറ അയനമാണ് രാമായണം. രാവ് മായണം എന്ന അർഥവും രാമായണത്തിനുണ്ട്. ബുദ്ധിജീവികൾ ഹൃദയ ജീവികളാകണം. ബുദ്ധി ഒരു ഉപകരണം മാത്രമാണ്. അതുകൊണ്ട് ലോകത്തെ വിലയിരുത്താൻ പറ്റുകയില്ല. അത് ഹൃദയവികാസം ഉണ്ടാക്കണം. പ്രകൃതി അതിെൻറ ശക്തികളെ വാരിവിതറുന്ന കാലഘട്ടമാണ് കർക്കടകം എന്നതിനാൽ മലയാളികൾ മഴ എന്ന അമൃതിനോടൊപ്പം രാമായണത്തേയും ആസ്വദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.